ലക്‌നൗ : സംസ്‌ഥാനം മാലിന്യ മുക്‌തമാക്കുന്നതിനായി കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. പൊതുനിരത്തിൽ തുപ്പുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനും ഉൾപ്പടെ വൻപിഴയാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ആളുകൾക്ക് 1000 രൂപയായും പിഴ ഉയർത്തിയിട്ടുണ്ട്. പിഴ ഉയർത്തുന്നതിലൂടെ സംസ്‌ഥാനം മാലിന്യ മുക്‌തമാക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.
മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ കൂട്ടിയതുപോലെ തന്നെ, 100 പേരിൽ അധികം ആളുകൾ ഒത്തുകൂടുന്ന പരിപാടികളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തപക്ഷം സംഘാടകരിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും യുപി സർക്കാർ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ വഴിയോരക്കച്ചവടങ്ങൾ നടത്തുന്ന ആളുകൾ ഇവരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം തന്നെ അന്തരീക്ഷമലിനീകരണം കുറക്കുന്നതിന് വേണ്ടി പുതിയ നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങളുടെ നിർമ്മാണം പ്രോൽസാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിരവധി അന്താരാഷ്‌ട്ര ഓട്ടോമൊബൈല്‍ കമ്പനികളില്‍ നിന്ന് ഇലക്‌ട്രിക് വാഹന നിര്‍മ്മാണത്തിനായുള്ള പ്രൊപ്പോസലുകള്‍ ലഭിച്ചതായാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദമാക്കുന്നത്. കൂടാതെ മാലിന്യങ്ങളെ വേർതിരിച്ചു ശേഖരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളും സംസ്‌ഥാനത്ത് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. വീടുകള്‍ തോറുമെത്തി മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും യുപിയില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ടുകൾ സൂചിപ്പിക്കുന്നത്.
Read also : സംസ്‌ഥാനത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു