പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ അല്പം മഞ്ഞൾ ആവാം

By Desk Reporter, Malabar News
turmeric_2020 Aug 10
Ajwa Travels

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. പണ്ടുകാലത്ത് പ്രായം ചെന്ന ആളുകളിലാണ് പ്രമേഹം സാധാരണയായി കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും വരെ പ്രമേഹരോഗം ഉണ്ടാകുന്നുണ്ട്. മാറിയ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും സ്ട്രെസ്സും പ്രമേഹത്തിന് കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗത്തോടൊപ്പം തന്നെ പ്രമേഹം ഒരു പാരമ്പര്യരോഗം കൂടിയാണ്. പാരമ്പര്യമായി പ്രമേഹമുണ്ടാകാൻ സാധ്യതകൾ ഏറെയാണ്. ഒരു പരിധി കഴിഞ്ഞാൽ അവയവങ്ങളെ വരെ ബാധിച്ച് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ പ്രമേഹം കാരണമാകും. ഒരിക്കൽ വന്നാൽ പിന്നെ പ്രമേഹം പൂർണമായും ഭേദമാക്കുക സാധ്യമല്ല. ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും ഇതിനെ നിയന്ത്രിക്കുക മാത്രമാണ് പോംവഴി. പ്രമേഹത്തെ നിയന്ത്രിക്കാൻ നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്. അതിലൊന്നാണ് മഞ്ഞൾ. വിവിധ രീതിയിൽ ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തി പ്രമേഹത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കും.

ആന്റി ബാക്റ്റീരിയൽ ഗുണമുള്ള മഞ്ഞൾ പണ്ടുമുതൽക്കെ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കുങ്കുമപ്പൂവ്, ഗോൾഡൻ സ്‌പൈസ് എന്നിങ്ങനെയാണ് മഞ്ഞൾ അറിയപ്പെടുന്നത്. ആരോഗ്യത്തിന് സഹായിക്കുന്ന നൂറിലധികം ഘടകങ്ങൾ മഞ്ഞളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുർകുമിൻ എന്ന ഘടകമാണ് പ്രമേഹമുൾപ്പെടെയുള്ള രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കുർകുമിന് സാധിക്കും. ഒപ്പം തന്നെ പ്രമേഹം മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കാനും ഇത് സഹായകരമാണ്.

പ്രമേഹത്തെ നിയന്ത്രിക്കാം മഞ്ഞളിലൂടെ

മഞ്ഞൾ പാൽ അഥവാ ടർമറിക് മിൽക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ നല്ലൊരു ഉപാധിയാണ്. കൊഴുപ്പ് കുറഞ്ഞ പാൽ തിളപ്പിക്കുമ്പോൾ അതിൽ അല്പം മഞ്ഞൾപ്പൊടി ചേർക്കുക. പ്രമേഹരോഗികൾ ഇത് വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. പ്രമേഹത്തിനൊപ്പം തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും മഞ്ഞൾപ്പാൽ വളരെ നല്ലതാണ്.

മഞ്ഞൾപ്പാൽ തയ്യാറാക്കി അതിലേക്ക് അല്പം കുരുമുളകുപൊടി ചേർത്ത് കുടിക്കുന്നതാണ് മറ്റൊരു വിധം. പ്രമേഹം മൂലം രക്തധമനികൾക്ക് ക്ഷതം സംഭവിക്കാനിടയുണ്ട്. മഞ്ഞളിലെ കുർകുമിനും കുരുമുളകിലെ ഫൈറ്റോകെമിക്കലുകളും ഈ പ്രശ്നത്തെ തടയുകയും ഇതിലൂടെ ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യും.

മഞ്ഞൾപ്പാലിൽ നെല്ലിക്കനീര്‌ ചേർത്ത് കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാൻ ഉത്തമമാണ്. രാവിലെ വെറും വയറ്റിൽ രണ്ടു സ്പൂൺ നെല്ലിക്കാനീരിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നതും പ്രമേഹരോഗത്തിന് ഒരു പരിഹാരമാണ്.

തേനിനൊപ്പം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഒരു പരിഹാരമാണ്. തേൻ മധുരമായത് കൊണ്ട് അല്പം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. തേൻ മഞ്ഞൾപ്പാലിൽ ചേർത്തു കഴിച്ചാലും മതിയാകും. പ്രമേഹം കൂടിയ ആളുകൾ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം കഴിക്കുന്നതാകും ഉചിതം. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും പ്രമേഹം മൂലമുണ്ടാകുന്ന മുറിവുകൾ കുറക്കാനും സഹായിക്കും.

മഞ്ഞൾപ്പാലിൽ കറുവപ്പട്ട പൊടിച്ചത് ചേർത്തു കഴിക്കുന്നതാണ് മറ്റൊരു വിധം. മഞ്ഞളിലെയും കറുവപ്പട്ടയിലെയും ഘടകങ്ങൾ ഭക്ഷണത്തിലൂടെയുള്ള ട്രൈഗ്ലിസറൈഡുകൾ കുറക്കാനും ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കാനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE