മലപ്പുറം: ജില്ലയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തെ സംബന്ധിച്ച് ജില്ലയിലും സംസ്‌ഥാനത്തും രണ്ട് കണക്ക്. ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ മാദ്ധ്യമങ്ങൾക്ക് നൽകിയ കണക്കനുസരിച്ച് ഇന്നലെവരെ ജില്ലയിൽ 18,31,199 പേർക്ക് ആദ്യഡോസ് വാക്‌സിൻ നൽകിയെന്നാണ് കണക്ക്.
എന്നാൽ, സംസ്‌ഥാന ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ് വെബ്സൈറ്റിൽ ഓഗസ്‌റ്റ് 12ന് നൽകിയ ജില്ലകളുടെ പട്ടികയിൽ മലപ്പുറത്ത് മൊത്തം 18,53,175 പേർക്ക് വാക്‌സിൻ നൽകിയിരിക്കുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് കിട്ടിയ കണക്കനുസരിച്ച് വ്യാഴാഴ്‌ച തന്നെ ഇത്രയും പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ തൊട്ടടുത്ത ദിവസം ജില്ലാ ഭരണകൂടം നൽകിയ കണക്കിൽ 21,976 പേരുടെ കുറവ് വന്നത് എങ്ങനെയെന്ന് വ്യക്‌തമല്ല.
ഓഗസ്‌റ്റ് 12 വ്യാഴാഴ്‌ച ജില്ലാ ഭരണകൂടം മാദ്ധ്യമങ്ങൾക്ക് നൽകിയ കണക്കിലും വലിയ വ്യത്യാസമാണുള്ളത്. ഇതനുസരിച്ച് വ്യാഴാഴ്‌ച വൈകീട്ട് വരെ 18,04,129 പേരാണ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ആരോഗ്യ വകുപ്പിന്റെ ഡയറക്‌ടറേറ്റ് സൈറ്റിൽ ഒരു ദിവസം മുൻപത്തെ കണക്കിൽ 18,24,666 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 20,537 എണ്ണത്തിന്റെ വ്യത്യാസമാണുള്ളത്.
അതേസമയം, ഒന്നും രണ്ടും ഡോസ് വാക്‌സിൻ എടുത്തവരുടെ കണക്കിലും ജില്ലയിൽ അന്തരം തുടരുന്നുണ്ട്. ജില്ലയിലെ കണക്കനുസരിച്ച് ഇന്നലെവരെ 12,84,510 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. എന്നാൽ, ഡയറക്‌ടറേറ്റിന്റെ കണക്കിൽ വ്യാഴാഴ്‌ച തന്നെ 13,04,238 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നത്. സംസ്‌ഥാന-ജില്ലാ കണക്കുകളിൽ പ്രതിരോധ വാക്‌സിൻ നൽകിയവരുടെ എണ്ണത്തെ സംബന്ധിച്ചുള്ള വ്യത്യാസം എങ്ങനെയാണ് വന്നതെന്ന് പിടികിട്ടാതെ ഇരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം.
Read Also: കോവിഡ് ഇന്ത്യ; 35,743 പേർക്ക് രോഗമുക്‌തി, 24 മണിക്കൂറിനിടെ 38,667 രോഗബാധിതർ