വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ

By News Desk, Malabar News
covid vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിൻ വിതരണ പദ്ധതി ജനുവരി 16ന് ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഓക്‌സ്‌ഫഡ് സർവകലാശാല മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്‌, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് വിതരണം ചെയ്യുക. മകരസംക്രാന്തി, പൊങ്കൽ തുടങ്ങിയ ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്‌ചാത്തലത്തിൽ എത്രയും പെട്ടെന്ന് വാക്‌സിൻ വിതരണം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

വാക്‌സിനേഷനിൽ പ്രഥമ പരിഗണന രാജ്യത്തെ 3 കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കാണ്. ഇവർ പ്രത്യേകം രജിസ്‌റ്റർ ചെയ്യേണ്ടതില്ല. പ്രവർത്തകരുടെ വിവരങ്ങൾ വിവിധ സംസ്‌ഥാനങ്ങളിലെ ആരോഗ്യവകുപ്പുകൾ ‘കൊവിൻ’ എന്ന ആപ്‌ളിക്കേഷനിലേക്ക് നേരത്തെ തന്നെ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. വാക്‌സിൻ സ്‌റ്റോക്കുകളെ കുറിച്ചും ഇതുവരെ എത്ര പേർ വാക്‌സിൻ സ്വീകരിച്ചു എന്നതിനെ കുറിച്ചുമുള്ള തൽസമയ വിവരങ്ങൾ ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

ആരോഗ്യപ്രവർത്തകർക്ക് ശേഷം 50 വയസിന് മുകളിൽ പ്രായമുള്ള പൗരൻമാരെയാണ് പരിഗണിക്കുക. ഗുരുതര രോഗങ്ങളുള്ള, അവശതകളുള്ള ആളുകളെയും ഇക്കൂട്ടത്തിൽ പരിഗണിക്കും. ഇത്തരം 27 കോടിയോളം ആളുകൾ ‌രാജ്യത്തുണ്ടെന്നാണ് കണക്കുകൂട്ടൽ.

വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ എല്ലാ സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്‌ച നടത്തും. ഓൺലൈൻ ആയാണ് യോഗം നടക്കുക. വാക്‌സിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

രോഗവ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലേക്ക് കൂടുതൽ വാക്‌സിൻ എത്തിക്കാനാണ് കേന്ദ്ര തീരുമാനം. മേൽപറഞ്ഞ മുൻഗണനാ വിഭാഗങ്ങൾക്ക് യഥാക്രമം വാക്‌സിൻ എത്തിക്കാൻ കഴിയുന്ന തരത്തിൽ സ്‌റ്റോക്കുകൾ വേർതിരിക്കും. രാജ്യത്ത് നിലവിൽ രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്‌ഥാനങ്ങളിൽ ഒന്ന് കേരളമാണ്. അതിനാൽ വാക്‌സിൻ വിതരണത്തിൽ സംസ്‌ഥാനത്തിന്‌ മുഖ്യ പരിഗണന ലഭിച്ചേക്കും. കൂടുതൽ സ്‌റ്റോക്കുകൾ കേരളത്തിലേക്കെത്താനും സാധ്യതയുണ്ട്.

കൊവിൻ ആപ്പിലൂടെ കേരളത്തിൽ നിന്ന് ഇതുവരെ 3.7 ലക്ഷം ആരോഗ്യപ്രവർത്തകരുടെ പേരാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഡ്രൈ റൺ വഴി ഇവരിൽ പലർക്കും വാക്‌സിൻ വിതരണത്തിന് പരിശീലനവും ലഭിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് ആകെ 133 വാക്‌സിൻ കുത്തിവെപ്പ് കേന്ദ്രങ്ങളാണുള്ളത്. ആദ്യദിനം 13,300 പേർക്കാണ് വാക്‌സിൻ നൽകുക. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ എറണാകുളത്താണ് സജ്‌ജീകരിച്ചിരിക്കുന്നത്.

Also Read: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിച്ചേക്കും; കമ്മീഷൻ റിപ്പോർട് 31ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE