പ്രാഥമികാരോഗ്യ തലത്തിൽ തന്നെ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക പ്രധാനമാണ്; മന്ത്രി

By Team Member, Malabar News
Veena George About The Mental Health
Ajwa Travels

തിരുവനന്തപുരം: പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. കോവിഡ് വ്യാപനത്തെ തുടർന്ന് ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാൻ മുന്‍കരുതലുകൾ സ്വീകരിക്കുമ്പോൾ മാനസികാരോഗ്യം അവഗണിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ നടപടികള്‍ സ്വീകരിക്കുകയാണ് ആരോഗ്യവകുപ്പെന്നും മന്ത്രി വ്യക്‌തമാക്കി.

ഇതിന്റെ ഭാഗമായി മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കാന്‍ കേരളം പരിശ്രമിക്കുകയാണ്. ഈ രംഗത്ത് സംസ്‌ഥാനം ഏറെ മുന്‍പന്തിയിലാണ്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്‌ഥാനത്തെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക് ആശുപത്രികളിലുമായി 291 മാനസികാരോഗ്യ ക്ളിനിക്കുകള്‍ മാസം തോറും നടത്തി വരുന്നു. ഇതിലൂടെ 40,000ത്തിലധികം രോഗികള്‍ക്ക് ചികിൽസയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്.

കൂടാതെ മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി ആര്‍ദ്രം മിഷന്റെ ഭാഗമായി ‘സമ്പൂര്‍ണ മാനസികാരോഗ്യം’, ‘ആശ്വാസം’, ‘അമ്മ മനസ്’, ‘ജീവരക്ഷ’ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സമ്പൂര്‍ണ മാനസികാരോഗ്യ പദ്ധതി ഇതുവരെ 376 ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയത് വഴി 18,000ത്തോളം പേരെ പുതുതായി കണ്ടെത്തി ചികിൽസയിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞു. ഇവര്‍ക്ക് തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ തന്നെ ചികിൽസയും മറ്റ് സേവനങ്ങളും ലഭ്യമാക്കി വരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് മാനസിക സാമൂഹിക പിന്തുണയ്‌ക്കായി ‘ഒറ്റയ്‌ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട് സേവനങ്ങള്‍ സര്‍ക്കാര്‍ നല്‍കി വരുന്നു. ഇതുവരെ എല്ലാ വിഭാഗത്തിലുമായി ഒന്നേകാല്‍ കോടിയിലധികം (1,26,26,854) സൈക്കോ സോഷ്യല്‍ സപ്പോര്‍ട്/ കൗണ്‍സിലിംഗ് കോളുകള്‍ ടീം സംസ്‌ഥാനമൊട്ടാകെ നല്‍കി കഴിഞ്ഞു.

കൂടാതെ ആദിവാസി മേഖലകളിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പരിപാടിയും നടപ്പിലാക്കിയിട്ടുണ്ട്. ലഹരി വസ്‌തുകളുടെ ഉപയോഗം, കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രത്യേക ഊന്നല്‍ നൽകികൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

ആരോഗ്യ വകുപ്പിന്റെ കീഴില്‍ 19 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ആരോഗ്യ വകുപ്പും എക്‌സൈസ്‌ വകുപ്പും സംയുക്‌തമായി നടപ്പിലാക്കുന്ന വിമുക്‌തി പദ്ധതിയുടെ കീഴില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 291 ക്ളിനിക്കുകളിലൂടെയും ലഹരി വിമോചന ചികിൽസ ലഭ്യമാക്കുന്നുണ്ട്.

Read also: കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE