മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പത്‌മൻ അന്തരിച്ചു

By Desk Reporter, Malabar News
Padman_2020-Nov-07
Ajwa Travels

കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ പത്‌മനാഭൻ നായർ (പത്‌മൻ) അന്തരിച്ചു. 90 വയസായിരുന്നു. വിഖ്യാത സാഹിത്യകാരൻ സിവി രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇവി കൃഷ്‌ണപിള്ളയുടെയും മകനും പ്രശസ്‌ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനുമാണ്.

മലയാളത്തിൽ ആദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയ പത്‌മൻ കേരള പത്രപ്രവർത്തക യൂണിയൻ മലയാള മനോരമ യൂണിറ്റിന്റെ സ്‌ഥാപക പ്രസിഡണ്ടായിരുന്നു. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ളബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.

1930ലാണ് അദ്ദേഹത്തിന്റെ ജനനം. അടൂർ ഹൈസ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഇന്റർമീഡിയറ്റ് കോളേജ്, പന്തളം എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. മലയാള മനോരമയിലൂടെയാണ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിച്ചത്.

‘കുഞ്ചുക്കുറുപ്പ്’ എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷക്കാലം അടിക്കുറിപ്പെഴുതിയത് അദ്ദേഹമായിരുന്നു. ദീർഘകാലം മലയാള മനോരമയിലെ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായി. മനോരമ വാരികയിലെ അദ്ദേഹത്തിന്റെ ‘പ്രഹ്ളാദൻ സംസാരിക്കുന്നു’ എന്ന ചോദ്യോത്തര പംക്‌തി പിൽക്കാലത്ത് കേരള സാക്ഷരതാ മിഷൻ പുസ്‍തകമാക്കി.

പത്രത്തിൽനിന്നു വിരമിച്ച ശേഷം മനോരമ വാരികയുടെ പത്രാധിപരായി. ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽ വാരികയുടെ പ്രചാരം 14 ലക്ഷത്തിൽ എത്തിച്ചു. ഇത് മലയാള പ്രസിദ്ധീകരണ രംഗത്ത് റെക്കോർഡാണ്. 2001 ഡിസംബർ 31ന് മനോരമയിൽനിന്ന് പത്‌മൻ വിരമിച്ചു.

Also Read:  കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റിനെ വിമർശിച്ചും ചെന്നിത്തലയും പികെ ഫിറോസും

1961ൽ കുട്ടികളുടെ നാടകവേദി രൂപീകരിച്ചു. പത്‌മൻ എഴുതി സഹോദരൻ അടൂർ ഭാസി സംവിധാനം ചെയ്‌ത ‘വിടരുന്ന മൊട്ടുകൾ’ എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായിരുന്നു ഇതിന്റെ ഉൽഘാടനം നിർവഹിച്ചത്. നാടകത്തിൽ പത്‌മൻ തന്നെ രചിച്ച് ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്.

‘കുഞ്ചുകുറുപ്പും പ്രഹ്ളാദനും’, സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം ‘എന്റെ ഭാസിയണ്ണൻ’, ഭാസിയെക്കുറിച്ചുള്ള ‘നാടകാന്തം ഭാസ്യം’, ‘ഭാസുരം ഹാസ്യം’, കുട്ടികളുടെ നാടകങ്ങളായ ‘കുഞ്ഞലകൾ’, ‘കുഞ്ഞാടുകൾ’ തുടങ്ങിയവയാണ് പ്രധാന പുസ്‍തകങ്ങൾ.

ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി. മക്കൾ: ചിത്ര, ലക്ഷ്‌മി, ജയകൃഷ്‌ണൻ നായർ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌, ടൈംസ് ഓഫ് ഇന്ത്യ). മരുമക്കൾ: രമേഷ് കുമാർ (റിട്ട. ഡപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ), ജഗദീഷ് ചന്ദ്രൻ (എൻജിനീയർ, കുവൈത്ത്), ധന്യ.

Also Read:  ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE