കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ രാത്രി മുഖ്യമന്ത്രി മമതാ ബാനർജിയും സമര രംഗത്തുള്ള ജൂനിയർ ഡോക്‌ടർമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയെ തുടർന്നാണ് തീരുമാനം.
കമ്മീഷണർ വിനീത് ഗോയലിനെ സ്‌ഥലം മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യങ്ങളിലൊന്ന്. ആകെ അഞ്ച് ആവശ്യങ്ങളാണ് ചർച്ചയിൽ ഡോക്‌ടർമാർ ചർച്ചയിൽ ഉന്നയിച്ചത്. ഇതിൽ ഭൂരിഭാഗം ആവശ്യങ്ങളും മമത സമ്മതിച്ചുവെന്നാണ് സൂചന. പോലീസ് കമ്മീഷണർക്ക് പുറമെ സംസ്‌ഥാന ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, ആരോഗ്യ സേവന ഡയറക്‌ടർ എന്നിവരെ നീക്കുന്നതിനും ധാരണയായിട്ടുണ്ട്. ഇരയുടെ മാതാപിതാക്കൾക്ക് കൈക്കൂലി വാഗ്‌ദാനം ചെയ്‌ത നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണറെയും സ്‌ഥലം മാറ്റും. അതേസമയം, കേസിൽ സുപ്രീം കോടതിയിൽ ഇന്ന് വാദം കേൾക്കുകയാണ്. ഇതിന് ശേഷമായിരിക്കും കൊൽക്കത്തയിലെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കുകയെന്ന് മമത അറിയിച്ചു.
മമതയുടെ വിശ്വസ്‌തനായ കമ്മീഷണർ വിനീത് ഗോയലിനെ ഏത് സ്‌ഥാനത്തേക്കാണ് മാറ്റുകയെന്ന വ്യക്‌തമല്ല. ആർജി കർ മെഡിക്കൽ കോളേജിലേക്ക് ഓഗസ്‌റ്റ് 14ന് നടന്ന പ്രതിഷേധ മാർച്ചിനിടെ ആശുപത്രിയിൽ ഉണ്ടായ അക്രമസംഭവങ്ങൾ തടയാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇത് സമരരംഗത്തുള്ള ജൂനിയർ ഡോക്‌ടർമാരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന