പാലക്കാട് : ജില്ലയിൽ വാളയാർ-മണ്ണുത്തി ദേശീയപാതയിലെ വടക്കാഞ്ചേരി മേൽപ്പാലം അടച്ച് വീണ്ടും നിർമാണം ആരംഭിച്ചു. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വഴിതിരിച്ച് വിട്ടാണ് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്നത്. നിലവിൽ 6ആം തവണയാണ് ഗതാഗതം നിരോധിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പാലത്തിന്റെ രണ്ട് ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെടുകയും ബലക്കുറവുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസിയുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. ഇതേ തുടർന്ന് നിലവിൽ ടാറിങ് പൊളിച്ചു മാറ്റിയ ശേഷം കൂടുതൽ കമ്പികൾ പാകി പാലം ബലപ്പെടുത്തുന്ന ജോലിയാണ് നടക്കുന്നത്.
420 മീറ്റർ നീളമുള്ള പാലത്തിൽ ഇതുവരെ 18 സ്‌ഥലങ്ങളിൽ പൊളിച്ച് പുനർനിർമാണം നടത്തി. എന്നാൽ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ പാലത്തിന്റെ അപാകതകൾ വീണ്ടും പുറത്ത് വരികയാണ്. വിദഗ്‌ധ തൊഴിലാളികളെ ഉപയോഗിച്ചല്ല പാലത്തിന്റെ നിർമാണം നടത്തിയതെന്നും, മേൽനോട്ടത്തിന് ആളുകൾ ഇല്ലായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. അടിക്കടി പാലത്തിനുണ്ടാകുന്ന ബലക്ഷയം സംബന്ധിച്ച് വിദഗ്‌ധ സമിതി അന്വേഷണം നടത്തണമെന്ന് വടക്കാഞ്ചേരി ജനകീയവേദി ആവശ്യപ്പെട്ടു.
Read also : സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്