എന്താണ് ‘ബ്ളാക് ഫംഗസ്’ രോഗം ? എങ്ങനെ പ്രതിരോധിക്കാം?

By Syndicated , Malabar News
Ajwa Travels

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് പിന്നാലെ ആശങ്ക വിതയ്‌ക്കുകയാണ് ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്‌ഥാനങ്ങളിൽ ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ് കേസുകള്‍ കൂടുതലായി കാണുന്നുണ്ട്. കോവിഡിനൊപ്പം പുതിയ രോഗം കൂടി വന്നതോടെ ഒരൽപം പ്രതിസന്ധിയിലാണ് രാജ്യത്തെ ആരോഗ്യ വിദഗ്‌ധർ. ഗുജറാത്ത്, മഹാരാഷ്‌ട്ര, തെലങ്കാന, രാജസ്‌ഥാൻ തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ബ്ളാക് ഫംഗസ് രോഗം റിപ്പോർട് ചെയ്യപ്പെട്ടത്. അവസാനമായി കേരളത്തിലും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്ളാക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് കേരളത്തിൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. വിവിധ സംസ്‌ഥാനങ്ങൾ രോഗത്തെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചി ട്ടുണ്ട് എങ്കിലും ബ്ളാക്ക് ഫംഗസ് പകരുന്ന രോഗമല്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്താണ് ബ്ളാക്ക് ഫംഗസ് രോഗം?

മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ളാക് ഫംഗസ് പ്രധാനമായും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ ബാധിക്കുന്ന ഒരുതരം ഫംഗൽ ഇൻഫെക്ഷനാണ്. വായുവിലൂടെയാണ് രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഈ രോഗം ബാധിക്കുന്നതോടെ ശരീരത്തിലെ പ്രതിരോധ ശേഷി കുറയുകയും, രോഗാണുക്കളെ ഇല്ലാതാക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ശ്വാസകോശം, മൂക്ക്, മുഖം, തലച്ചോർ എന്നീ അവയവങ്ങളെയാണ് രോഗാണു പ്രധാനമായും ആക്രമിക്കുക.

black_fungus_kerala

നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് ബ്ളാക് ഫംഗസ് രോഗം അപകടകാരി ആവുന്നത്. ഒന്നിലധികം രോഗങ്ങളുള്ളവർ, അവയവമാറ്റ ശസ്‍ത്രക്രിയയ്‌ക്ക് വിധേയമായവർ, മലിഗ്‌നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്‌ഥ) എന്നിവയുള്ളവരെ രോഗം ബാധിക്കാം. അതോടൊപ്പം കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ ‘സ്‌റ്റിറോയിഡുകൾ‘ ശരീരത്തിലെ പ്രതിരോധശേഷി കുറക്കുന്നതിനാൽ കോവിഡ് രോഗികളിൽ അത് ‘ബ്ളാക് ഫംഗസ്‘ പിടിപെടാനുള്ള കാരണമായി മാറാം.

ബ്ളാക് ഫംഗസ് ലക്ഷണങ്ങൾ?

  • കണ്ണ്, മൂക്ക് എന്നിവയ്‌ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം
  • പനി
  • തലവേദന
  • ചുമ
  • ശ്വാസതടസം
  • ഛർദിയിൽ രക്‌തത്തിന്റെ അംശം

ബ്ളാക് ഫംഗസ് എങ്ങനെ പ്രതിരോധിക്കാം

  • ഉയർന്ന പ്രമേഹം നിയന്ത്രിക്കുക
  • സ്‌റ്റിറോയിഡുകളുടെ ഉപയോഗം ശ്രദ്ധിക്കുക
  • ഓക്‌സിജൻ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്‌തവുമായ വെള്ളം മാത്രം ഉപയോഗിക്കുക
  • രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക
  • എല്ലാ മൂക്കടപ്പും ബാക്‌ടീരിയൽ സൈനസൈറ്റിസ് ആണെന്ന് കരുതാതിരിക്കുക.
  • രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിൽസ തേടുക

ബ്ളാക് ഫംഗസ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പുറത്തേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കുക എന്നതാണ്. പ്രമേഹരോഗം ഉള്ളവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും പഞ്ചസാരയുടെ അളവും രക്‌തത്തിലെ ഗ്‌ളൂക്കോസും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. മറ്റ് ചികിൽസകളുടെ ഭാഗമായി സ്‌റ്റിറോയിഡുകൾ നിർദ്ദേശിച്ചിട്ടുള്ള ആളുകളെ നിരന്തരം നിരീക്ഷിക്കുകയും ഡോക്‌ടറുമായി കൂടിയാലോചിച്ച് അളവ് കുറയ്‌ക്കുകയും വേണം.

നിലവിൽ കേരളത്തിൽ ബ്ളാക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കുന്നത്‌. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ഈ രോഗം ചികിൽസിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്‌ഥാനത്തെ ചികിൽസാ പ്രോട്ടോക്കോളിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.

Read also: പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE