സ്വന്തം രാജ്യത്ത്, റിസര്‍വ് ബാങ്കും ഡോളറും സ്ഥാപിച്ച് നിത്യാനന്ദ; നിയമ വ്യവസ്ഥ നോക്കുകുത്തിയാകുന്നു

By News Desk, Malabar News
MalabarNews_nithyanandha
Representation Image
Ajwa Travels

രാജ്യത്തു നിന്ന് കടന്ന് സ്വന്തം രാജ്യം സ്ഥാപിച്ചെന്ന് അവകാശപ്പെടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കി. ‘സ്വന്തം രാജ്യ’മായ കൈലാസത്തിലെ റിസര്‍വ് ബാങ്ക് ഓഫ് കൈലാസ നിര്‍മിച്ച കൈലാസിയന്‍ ഡോളര്‍ ആണ് നിത്യാനന്ദ പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. മൂന്നു ദിവസം മുന്‍പാണ് തന്റെ ബാങ്കിനെകുറിച്ചും കറന്‍സിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചത്. ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും നിത്യാനന്ദ വ്യക്തമാക്കിയിരുന്നു. കൈലാസിയന്‍ ഡോളര്‍ എന്ന് അറിയപ്പെടുന്ന ഒരു കറന്‍സി 11.66 ഗ്രാമോളം സ്വര്‍ണത്തിലാണ് നിര്‍മിക്കുന്നത്; ഇയാള്‍ അവകാശപ്പെട്ടു.

പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍നിന്ന് കടന്നുകളഞ്ഞത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്വഡോര്‍ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്റര്‍പോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ മിക്കദിവസങ്ങളിലും തന്റെ അനുയായികള്‍ക്കായി നിത്യാനന്ദ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫെയ്‌സ്ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങള്‍ക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്.

വെറും മണ്ടത്തരങ്ങള്‍ മാത്രം പറയുന്ന ഒരു കോമാളിയായി സമൂഹത്തിലെ ഭൂരിഭാഗം ആളുകളും കാണുന്ന നിത്യാനന്ദയുടെ ഇരുപതിലേറെ വര്‍ഷത്തെ ക്രൂരതകള്‍ പക്ഷേ ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്റര്‍പോളുവരെ അന്വേഷിക്കുന്ന ഈ കൊടുംകുറ്റവാളി ഇന്നും ശാസ്ത്രത്തെയും ലോകത്തെയും വെല്ലുവിളിച്ച് ജീവിക്കുകയാണ്.  സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും ശാസ്ത്രവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടും ഈ ആള്‍ദൈവത്തിന് ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ ‘ഫാന്‍സാണ്’. ലോകത്ത് ഏറ്റവും സന്തോഷവാനായി ജീവിക്കുന്ന വ്യക്തി നിത്യാനന്ദ ആണെന്നാണ് ഇയാളുടെ ഫാന്‍സുകളുടെ അഭിപ്രായം.

കോടാനുകോടിയുടെ സമ്പാദ്യം. ടണ്‍ കണക്കിന് സ്വര്‍ണവും വെള്ളിയും ആഭരണങ്ങളും. 50 രാജ്യങ്ങളിലായി ആശ്രമങ്ങളും പിന്തുടര്‍ച്ചക്കാരും ഉണ്ടെന്ന അവകാശവാദം… ഒരു കൊടും കുറ്റവാളിയായിട്ടും അയാള്‍ സ്വന്തമായി തുടങ്ങിയ രാജ്യത്തിരുന്ന് സ്വന്തം റിസര്‍വ് ബാങ്കിനെ പറ്റിയും അവിടെ സ്വന്തം പടമുള്ള കറന്‍സിയെ പറ്റിയും ഒരു കൂസലുമില്ലാതെ ലോകത്തോട് സംസാരിക്കുന്നു. അത് കേള്‍ക്കുവാനും കാണുവാനും ജനലക്ഷങ്ങള്‍ കാത്തിരിക്കുന്നു.

ആരാണീ കുപ്രസിദ്ധനായ ആള്‍ദൈവം….

കുഞ്ഞുങ്ങളില്ലാതിരുന്ന സ്ത്രീക്ക് സ്വാമി പൂജിച്ച് നല്‍കിയ പൈനാപ്പിള്‍ കഴിച്ചതോടെ ഗര്‍ഭം ധരിക്കാനായി. അവര്‍ അമ്മയായി. ഈ വാദങ്ങളോടെയാണ് നിത്യാനന്ദ ആദ്യമായി അറിയപ്പെടുന്നത്. ഇരുപതു വര്‍ഷത്തെ കുപ്രസിദ്ധമായ വളര്‍ച്ചയ്ക്ക് പിന്നില്‍ അത്ര സുഖമല്ലാത്തൊരു ഭൂതകാലമുണ്ട് നിത്യാനന്ദയ്ക്ക്. ഞാന്‍ പോയിരുന്നിടത്ത് നിന്നൊക്കെ എന്നെ അടിച്ചോടിക്കാതിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ ആകുമായിരുന്നോ എന്ന് ഒരിക്കല്‍ അയാള്‍ തന്നെ ചോദിച്ചിട്ടുണ്ട്. അതില്‍ നിന്നും അയാളുടെ ഭൂതകാലത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാം.

2000- ത്തിലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. ആദ്യകാലത്ത് തെന്നിന്ത്യന്‍ തെന്നിന്ത്യന്‍ നടിയുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ വഴിത്തിരിവ്. പിന്നീടങ്ങോട്ട്  പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഇടയില്‍ നിറയുന്ന നിത്യാനന്ദയെയാണ് കണ്ടത്. ഗ്രാഫിക്‌സിന്റെ സഹായത്തോടെ ഇയാള്‍ കാട്ടുന്ന കോപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു ഇയാള്‍ യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം..! നെഗറ്റിവ് പബ്ലിസിറ്റി ആയിരുന്നു അയാളുടെ പിടിവള്ളി. ആശ്രമത്തിനുള്ളില്‍നടക്കുന്ന കാര്യങ്ങള്‍ അതീവരഹസ്യമായിരുന്നു എന്നും. പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടുക്കുന്ന കാര്യങ്ങള്‍ ആശ്രമത്തിനുള്ളില്‍ പതിവായി. കൂടെ നിന്നവര്‍ തന്നെ ശത്രുവായതോടെയാണ് നിത്യാനന്ദയുടെ യഥാര്‍ഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്.

ആദ്യകാലങ്ങളില്‍ ഒപ്പം ഉണ്ടായിരുന്ന തെന്നിന്ത്യന്‍ നടി പിന്നീട് ആശ്രമത്തിലെ ആളായി. ഒരു വിവാദ വിഡിയോ പുറത്തുവന്നതിനു പിന്നാലേ അവരുടെ മരണവും സംഭവിച്ചു. ഹൃദയാഘാതം വന്ന് മരിച്ചുവെന്ന് ആശ്രമത്തില്‍ നിന്നും അറിയിച്ചതെങ്കിലും പിന്നീട് വീട്ടുകാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തനുള്ളില്‍ ആന്തരിക അവയവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞു. ആ മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ അവരുടെ അമ്മ ഇപ്പോഴും പോരാട്ടം തുടരുകയാണ്.

ഇതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല അയാളുടെ ക്രൂരതകള്‍. 2004 മുതല്‍ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ശക്തമായി ഇളക്കിയത്. നാല്‍പതോളം തവണയാണ് അയാള്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി വെളിപ്പെടുത്തി. പരാതിപ്പെട്ടതോടെ ഇവര്‍ക്ക് നേരേ വധശ്രമങ്ങളും രൂക്ഷമായ സൈബര്‍ ആക്രമണവും നടന്നു. അങ്ങനെ അയാള്‍ക്ക് നേരെ വിവാദങ്ങള്‍ ശക്തമായി. ആശ്രമത്തില്‍ അമാവാസി ദിനത്തില്‍ ഒരു പ്രത്യേകതരം മരുന്ന് നിത്യാനന്ദ തന്നെ തയാറാക്കി നല്‍കാറുണ്ട്. അത് കഴിച്ചാല്‍ അയാളോട് വിധേയത്വം കൂടും. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടാളുകളുണ്ട്.

കുറ്റകൃത്യങ്ങള്‍ കൂടിയപ്പോള്‍ അയാള്‍ അപ്രത്യക്ഷനായി. നിത്യാനന്ദ എവിടെ എന്ന ചോദ്യത്തിന് അധികാരികള്‍ കൈമലര്‍ത്തി. മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും എക്സ‌റേയോ സ്‌കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദം ഉന്നയിച്ചപ്പോഴും അത് വിശ്വസിക്കാന്‍ നമ്മുടെ സമൂഹത്തില്‍ ആളുകളുണ്ടായിരുന്നു. ഫോട്ടോ അയച്ചുകൊടുത്താല്‍ അതുനോക്കി എല്ലാ ആരോഗ്യപ്രശ്‌നങ്ങളും പറയും എന്ന അവകാശപ്പെട്ടപ്പോള്‍ അതിന്റെ പിടിയിലും അകപ്പെടുവാന്‍ പതിനായിരകണക്കിന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.

പ്രതിഷേധം ശക്തമായതോടെ നിയമ നടപടികള്‍ ഉണ്ടായി. 2018 സെപ്റ്റംബറില്‍ അവസാനിച്ചതാണു നിത്യാനന്ദയുടെ പാസ്പോര്‍ട്ടിന്റെ കാലാവധി. പിന്നെ പുതുക്കി നല്‍കിയിട്ടില്ല. എന്നാല്‍ നിത്യാനന്ദയും സംഘവും ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. എവിടേക്കു പോയി എന്ന ചോദ്യം രാജ്യം ചോദിക്കുമ്പോഴാണ് ഒരു ദ്വീപ് വാങ്ങി സ്വന്തമായി ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെന്ന കൗതുക വാര്‍ത്ത പുറത്തുവന്നത്. കൈലാസത്തിനു സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമായി, രാജ്യത്തിന്റെ വെബ്‌സൈറ്റും ആരംഭിച്ചു.

ഒടുവില്‍ ഇപ്പോഴിതാ സ്വന്തമായി റിസര്‍വ് ബാങ്കും സ്വന്തം പടമുള്ള നോട്ടും അടിച്ചിറക്കി വീണ്ടും പ്രസിദ്ധനാവുകയാണ് ഇയാള്‍. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാള്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകത്തെ മുഴുവന്‍ കബിളിപ്പിച്ച് ആര്‍ക്കും കണ്ടത്താനാവാത്ത ഒരു സ്ഥലത്തു സ്വന്തമായി രാജ്യം സ്ഥാപിച്ചു വാഴുകയും ഒപ്പം സമൂഹ മാദ്ധ്യമത്തിലൂടെ ശിഷ്യഗണങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അയാളുടെ കഴിവല്ല നമ്മുടെ കഴിവുകേടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE