ന്യൂഡെൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി (എംസിഡി) ബിൽ-2022 തന്റെ സർക്കാർ പഠിക്കുമെന്നും ആവശ്യമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തടയാനാണ് ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
“(എംസിഡി) തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ കേന്ദ്രം എംസിഡി ബിൽ കൊണ്ടുവന്നു. ഞങ്ങൾ അത് പഠിക്കും, ആവശ്യമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യും. വാർഡുകളുടെ എണ്ണം 272ൽ നിന്ന് 250ആയി കുറക്കുന്നത് ഒരുതരം തടയിടലാണ്, ഇതിന്റെ അർഥം ഭാവിയിൽ തിരഞ്ഞെടുപ്പ് തന്നെ ഇല്ലാതാകും എന്നാണ്. ബിൽ എംസിഡിയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കും,”- ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട് ചെയ്‌തു.
ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിങ്ങനെ നിലവിലുള്ള മുനിസിപ്പൽ കോർപ്പറേഷനുകളെ ഏകീകരിക്കാൻ ശ്രമിക്കുന്ന ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി ബിൽ മാർച്ച് 25 വെള്ളിയാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. ബില്ലിലെ പ്രധാന വ്യവസ്‌ഥകൾ അനുസരിച്ച് മുനിസിപ്പൽ കോർപ്പറേഷന്റെ പൂർണ നിയന്ത്രണം കേന്ദ്രത്തിനാകും.
ദേശീയ തലസ്‌ഥാനത്തെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ ലയിപ്പിക്കുന്ന ബിൽ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ബില്ലിന്റെ മറവിൽ എംസിഡി തിരഞ്ഞെടുപ്പ് നിർത്തിവച്ച് ബിജെപി ജനാധിപത്യത്തെ കൊല്ലുകയാണ്, എന്റെ അഭിപ്രായത്തിൽ ഇത് ‘എംസിഡി പരിഷ്‌കരണ’ ബില്ലല്ല, ഇത് ‘എംസിഡി തിരഞ്ഞെടുപ്പ് നിർത്തുക’ ബില്ലാണെന്നും സിസോദിയ കൂട്ടിച്ചേർത്തു.
Most Read: യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി യുഎസ് പ്രസിഡണ്ട് കൂടിക്കാഴ്‌ച നടത്തും