ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിന് 'കോർപ്പറേഷന്' മേൽ കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ

By Desk Reporter, Malabar News
Bill to merge 3 Delhi MCDs introduced in Lok Sabha
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്
Ajwa Travels

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ (എംസിഡി) ലയിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ- 2022 പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർപ്രദേശിൽ എത്തിയ സാഹചര്യത്തിലാണ് നിത്യാനന്ദ് റായ് ബിൽ അവതരിപ്പിച്ചത്. ബിൽ അനുസരിച്ച്, ഡെൽഹിയിലെ ഏകീകൃത മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ‘ഒറ്റ, സംയോജിതവും സുസജ്‌ജവുമായ സ്‌ഥാപനം’ ആയിരിക്കും, കൂടാതെ 250 വാർഡുകളിൽ കൂടുതൽ ഉണ്ടാകില്ല. നിലവിൽ ഡെൽഹിയിൽ വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് കീഴിൽ 272 വാർഡുകളാണുള്ളത്.

എന്നാൽ, നീക്കത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ബഹുജൻ സമാജ് പാർട്ടിയും റവല്യൂഷണറി സോഷ്യലിസ്‌റ്റ് പാർട്ടിയും എതിർത്തു. ഇത് ഇന്ത്യയുടെ ഫെഡറൽ ഘടനക്ക് എതിരാണെന്ന് മാത്രമല്ല, എംസിഡിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരിനാണെന്നും പറഞ്ഞു.

1957ലെ ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്‌ടിലെ (ഡിഎംസി) ‘സർക്കാർ’ എന്ന വാക്ക് എല്ലായിടത്തും ‘കേന്ദ്ര സർക്കാർ’ എന്നാക്കി മാറ്റുമെന്ന് പരാമർശിക്കുന്നതിനാൽ, തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിന് ‘കോർപ്പറേഷന്’ മേൽ കൂടുതൽ അധികാരം ബിൽ നൽകുന്നുണ്ട്. പരിവർത്തന ഘട്ടത്തിൽ ഒരു സ്‌പെഷ്യൽ ഓഫിസറെ നിയമിക്കുന്നത് മുതൽ (മൂന്ന് എംസിഡികളിൽ നിന്ന് ഒന്ന് വരെ) പുതിയ വാർഡുകളുടെ അതിർത്തി നിർണയം വരെയുള്ള എല്ലാ കാര്യങ്ങളും ഗസറ്റ് വിജ്‌ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്യുമെന്നും ബിൽ പറയുന്നു.

Consolidation-of-Delhi-Municipal-Corporations

പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായാൽ, പുനരേകീകരണ നിയമം ഔപചാരികമായി നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിക്കും. ഇതിനർഥം ഈ വർഷം ഏപ്രിലിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന എംസിഡി തിരഞ്ഞെടുപ്പ് 6 മുതൽ12 മാസം വരെ വൈകുമെന്നാണ്. കാരണം അതിർത്തി നിർണയ പ്രക്രിയയും ജീവനക്കാരുടെയും മറ്റ് ഭരണപരമായ ജോലികളുടെയും ലയനവും ഒരു ഏകീകൃത ബോഡിയിലേക്ക് മാറ്റുന്നതിന് സമയമെടുക്കും.

ഈ ബിൽ നിയമമാക്കാനുള്ള നിയമനിർമ്മാണ അവകാശം ലോക്‌സഭക്ക് ഇല്ലെന്ന് പഞ്ചാബിലെ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു.

“ഈ മൂന്ന് മുനിസിപ്പാലിറ്റികളെ ഏകീകരിക്കാൻ ഏതെങ്കിലും സഭക്ക് നിയമനിർമ്മാണ ശേഷിയുണ്ടെങ്കിൽ അത് ഡെൽഹി നിയമസഭക്ക് മാത്രമാണ്, ലോക്‌സഭക്ക് അല്ല. ഡെൽഹി നിയമസഭക്ക് പകരം വെക്കാനും നിയമവിരുദ്ധമായ രീതിയിൽ ഈ നിയമം പാസാക്കാനും ഈ സഭക്ക് കഴിയില്ല. ഇത് വളരെ ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണ്. ഇത് ഭരണഘടനാ വ്യവസ്‌ഥകളുടെ ലംഘനമാണ്,” തിവാരി പറഞ്ഞു.

എന്നാൽ, ബിൽ ഒരു തരത്തിലും ഭരണഘടനയുടെ ആത്‌മാവിനെ ലംഘിക്കുന്നില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾക്ക് മറുപടിയായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. “കൂടാതെ, ഇത് ഒരു ഫെഡറൽ സ്‌റ്റേറ്റിന്റെയും അവകാശങ്ങളിൽ കടന്നുകയറുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 239AA അനുസരിച്ച്, ഡെൽഹി നിയമസഭ രൂപീകരിക്കുന്ന ഏത് കാര്യത്തിലും ഭേദഗതി വരുത്താനോ നിയമങ്ങൾ രൂപീകരിക്കാനോ പാർലമെന്റിന് അധികാരമുണ്ട്. എംസിഡി മൂന്നായി വിഭജിച്ച സമയത്ത്, അത് ഡെൽഹിയുടെ പുരോഗതിയിലേക്ക് നയിക്കുമെന്നായിരുന്നു പ്രതീക്ഷ. എംസിഡികൾ നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുമെന്നും അതിലെ തൊഴിലാളികളുടെ ക്ഷേമം ഉണ്ടാകുമെന്നും കരുതി.

എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഇതൊന്നും നടന്നില്ല. കൂടുതൽ സുതാര്യതക്കും മെച്ചപ്പെട്ട ഭരണത്തിനും ഡൽഹിയിലെ ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനത്തിനുമാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്, കൂടാതെ നിലവിൽ എംസിഡികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുകയും ഇതിന്റെ ലക്ഷ്യമാണ്, ” ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.

Most Read:  ഹോണ്ടയുടെ ഇരുചക്ര വാഹന കയറ്റുമതി 30 ലക്ഷം കടന്നു

നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെയാണ് ഏകീകരിക്കുന്നത്. 2012 ഏപ്രിലിൽ ഡെൽഹി ഭരിച്ച ഷീലാ ദീക്ഷിത് സർക്കാരാണ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) മൂന്നായി വിഭജിച്ചത്. ഏകീകൃത എംസിഡിയെ മൂന്നായി വിഭജിക്കുന്നതിനായി 1957ലെ ഡെൽഹി മുനിസിപ്പൽ നിയമം 2012ൽ പാർലമെന്റ് ഭേദഗതി ചെയ്‌തിരുന്നു. മൂന്ന് എംസിഡികളും ലയിപ്പിക്കണമെന്ന ബിജെപിയുടെ ആവശ്യം പുതിയതല്ല, 2014ലും 2017ലും മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ ഏകീകരണത്തിനായി പ്രചാരണം നടത്തിയിരുന്നു.

Most Read:  യുപിയിൽ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE