ന്യൂഡെൽഹി: കയറ്റുമതിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ കമ്പനിയുടെ ആകെ കയറ്റുമതി 30 ലക്ഷം കടന്നതായി ഹോണ്ട പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂട്ടര്‍ കയറ്റുമതി ബ്രാന്‍ഡ് എന്ന ഹോണ്ടയുടെ സ്‌ഥാനം ശക്‌തിപ്പെടുത്തുന്ന കണക്കുകളാണ് ഇവയെന്ന് കമ്പനി പറയുന്നു.
2001ല്‍ ആക്‌ടീവയുമായി കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഹോണ്ട പിന്നീട് കൂടുതൽ വാഹനങ്ങളെയും ഇതിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കാലക്രമേണ ഹോണ്ട അവരുടെ കയറ്റുമതി പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചു. നിലവിൽ 18 മോഡലുകളാണ് ഇന്ത്യയിൽ നിന്നും ഹോണ്ട വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.
2016ലാണ് 15 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തെന്ന നേട്ടം കമ്പനി പിന്നിട്ടത്. പിന്നീട് അടുത്ത 15 ലക്ഷം കയറ്റുമതി വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ മാത്രമാണ് ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി കയറ്റുമതി വര്‍ധിച്ചുവെന്ന് കണക്കുകളിൽ നിന്ന് വ്യക്‌തമാണ്.
കമ്പനിയുടെ ഇന്ത്യന്‍ നിര്‍മിത മോഡല്‍ ശ്രേണികൾ വിദേശത്ത് വലിയ ജനപ്രീതി കണ്ടെത്തുന്നതാണ് കയറ്റുമതിയിലെ കുതിച്ചുചാട്ടത്തിന് കാരണമായി വിലയിരുത്തുന്നത്.
Read Also: മുല്ലപ്പെരിയാർ അണക്കെട്ട്; മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകും