ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

By Desk Reporter, Malabar News
Consolidation-of-Delhi-Municipal-Corporations
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഏകീകരണത്തിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലുള്ള മൂന്ന് കോർപ്പറേഷനുകളെ ഉൾപ്പെടുത്തി ഡെൽഹിയിലെ ഏകീകൃത മുനിസിപ്പൽ കോർപ്പറേഷനാണ് ഭേദഗതി നിയമം വ്യവസ്‌ഥ ചെയ്യുന്നത്. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ- 2022 അടുത്തയാഴ്‌ച പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ പാസാക്കാനും സാധ്യതയുണ്ട്.

നോർത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, സൗത്ത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്‌റ്റ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (എസ്ഇസി) പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കവെ ആണ് ഈ നീക്കം.

ഏപ്രിലിൽ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് തദ്ദേശസ്‌ഥാപനങ്ങളും ഒന്നിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തിരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു.

കേന്ദ്രത്തിന്റെ ഈ നടപടി ആം ആദ്‌മി പാർട്ടിയും ബിജെപിയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടാൻ പോകുകയാണെന്നും അതിനാലാണ് സംഘടനകളുടെ ഏകീകരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും എഎപി ആരോപിച്ചു. കേന്ദ്രത്തിന്റെ ഈ നീക്കത്തിന് എതിരെ കഴിഞ്ഞ ആഴ്‌ച ആം ആദ്‌മി പാർട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ ശമ്പള പ്രതിസന്ധി, കാര്യക്ഷമമല്ലാത്ത മാനേജ്മെന്റ്, നഷ്‌ടം എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങൾ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് ബിജെപിയുടെ വാദം. ഇതെല്ലാം കോർപ്പറേഷനുകളുടെ സംയോജനത്തിന് കാരണമായെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.

2012 ഏപ്രിലിൽ ഡെൽഹി ഭരിച്ച ഷീലാ ദീക്ഷിത് സർക്കാരാണ് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) മൂന്നായി വിഭജിച്ചത്. ഏകീകൃത എംസിഡിയെ മൂന്നായി വിഭജിക്കുന്നതിനായി 1957ലെ ഡെൽഹി മുനിസിപ്പൽ നിയമം 2012ൽ പാർലമെന്റ് ഭേദഗതി ചെയ്‌തിരുന്നു. മൂന്ന് എംസിഡികളും ലയിപ്പിക്കണമെന്ന ബിജെപിയുടെ ആവശ്യം പുതിയതല്ല, 2014ലും 2017ലും മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ ഏകീകരണത്തിനായി പ്രചാരണം നടത്തിയിരുന്നു.

Most Read:  ദിലീപ് കേസ്; രണ്ട് സിനിമ- സീരിയൽ താരങ്ങളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE