കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 10 പേർ പിടിയിൽ. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്‌പി കെ കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന സംശയത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 14ആം തീയതിയാണ് താജു ഇബ്രാഹിം എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാർജയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യുവാവ് ടാക്‌സിയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
മറ്റൊരു വാഹനത്തിലെത്തിയ സംഘം താജു സഞ്ചരിച്ച കാറിനെ ഓവർ ടേക്ക് ചെയ്‌ത് പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് പിന്നാലെ മറ്റൊരു വാഹനത്തിൽ പതിനൊന്നോളം പേർ സ്‌ഥലത്തേക്ക് എത്തുകയും ചെയ്‌തിരുന്നു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് സംഘത്തിന്റെ പിടിയിൽ നിന്നും യുവാവിനെ രക്ഷിച്ചത്.
സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള ഒറ്റിന്റെ ഭാഗമായാണ് സംഭവമെന്നാണ് പോലീസിന്റെ നിഗമനം. പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
Also Read: കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി