മെയ് 21ന് മോഹൻലാലിന്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനം ആരംഭിച്ച മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ട് ചിത്രം ‘12th MAN’ പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി ഹാട്രിക് വിജയം കുറിക്കുന്നു.
നിരൂപക പ്രശംസകൾ കൊണ്ടും പ്രേക്ഷക പ്രീതികൊണ്ടും ശ്രദ്ധേയമായ ‘12th MAN’ ലൂടെ ഗംഭീര പിറന്നാൾ സമ്മാനമാണ് മലയാളികളുടെ സ്വന്തം ‘ലാലേട്ടൻ’ പ്രേക്ഷകർക്ക് സമ്മാനിച്ചത്. സാധാരണ ബുദ്ധിയെ അസാധാരണമായി വെല്ലുവിളിക്കുന്ന ചിത്രം എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചു കൊണ്ടാണ് ക്ളൈമാക്‌സിൽ എത്തുന്നത്.
മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ചന്തുനാഥ്, രാഹുല്‍ മാധവ്, അനു മോഹന്‍, അനുശ്രീ, അനു സിത്താര, ശിവദ, പ്രിയങ്ക, അതിഥി രവി, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയ താര നിരയും അവസാനത്തോളം നിലനിര്‍ത്തുന്ന സസ്‌പെന്‍സും ട്വിസ്‌റ്റും സിനിമയെ അപൂർവമായ ത്രില്ലറാക്കി മാറ്റുന്നുണ്ട്.
ഒരു നിമിഷം പോലും പാഴാക്കാൻ അനുവദിക്കാതെ പ്രേക്ഷകനെ കഥയുടെ ചുരുളുകളിലൂടെ സഞ്ചരിപ്പിക്കുന്ന ‘12th MAN’ മേക്കിംഗും ക്യാമറ കാഴ്‌ചകളും കൊണ്ട് പിടിച്ചിരുത്തുന്ന ചിത്രമാണ്. മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ, ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം രേഖപ്പെടുത്തിയ ദൃശ്യവും ദൃശ്യം 2വും കണ്ടവരെ പോലും ഞെട്ടിക്കുന്ന ക്ളൈമാക്‌സാണ് ‘12th MAN’ നിൽ ഒരുക്കിയത്.
രണ്ടേമുക്കാല്‍ മണിക്കൂര്‍, ഒറ്റ ലൊക്കേഷനില്‍ അവതരിപ്പിക്കുന്ന കഥ മലയാളത്തില്‍ സുപരിചിതമല്ല. സമയ ദൈര്‍ഘ്യം ആസ്വാദനത്തെ ബാധിക്കുന്ന ഘടകമായി മാറാമായിരുന്നെങ്കിലും അതിനെ മേക്കിംഗ് കൊണ്ട് മറികടക്കാന്‍ ജിത്തു ജോസഫിന് സാധിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കാന്‍ തിരക്കഥാകൃത്തിനും സാധിച്ചു. സതീഷ് കുറുപ്പിന്റെ ക്യാമറയും വിഎസ് വിനായകിന്റെ അപാരമായ എഡിറ്റിങ് സ്‌കില്ലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്.
പാൻ ഇന്ത്യാ തലത്തിൽ പ്രശസ്‌തമായ, ചൈനാ ഭാഷയിലുൾപ്പടെ റീമേക്ക് ചെയ്യപെട്ട ‘ദൃശ്യം’ ഒന്നും രണ്ടും പോലെ ‘12th MAN’ നും വിവിധ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടേക്കും. ഹാട്രിക് വിജയം ഉന്നം വെച്ച് വിജയകൂട്ടുകെട്ട് ഒന്നിച്ച മൂന്നാമത്തെ ത്രില്ലർ ചിത്രമായ ‘12th MAN’ വലിയ പ്രതീക്ഷകളും വാനോളം ഹൈപ്പുമാണ് ഉണ്ടാക്കിയിരുന്നത്.
വമ്പൻ മാർക്കറ്റിംഗ് പരിപാടികളാണ് ഡിസ്‌നി ഹോട്ട്സ്‌റ്റാറും ഒരുക്കിയിരുന്നത്. മൂന്നാമതൊരു ത്രില്ലർ ചിത്രം മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ സാധ്യമാകുമോ എന്ന ആശങ്ക പ്രേക്ഷകരിൽ ഉണ്ടായിരുന്നു. എന്നാൽ, ആശങ്കകളെയെല്ലാം കാറ്റിൽ പറത്തുന്ന രീതിയിലാണ് വീണ്ടും ഈ മെഗാഹിറ്റ് കൂട്ടുകെട്ട് വിജയകുതിപ്പ് തുടരുന്നത്.

അഗത ക്രിസ്‌റ്റിയുടെ കുറ്റാന്വേഷണ നോവലുകളുടെ പതിവ് ശൈലികളെ ആസ്‌പദമാക്കി ജിത്തു ഒരുക്കിയിരിക്കുന്ന ക്ളാസിക് മിസ്‌റ്ററി ചിത്രങ്ങളുടെ ഫോർമാറ്റിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥാ രചനക്ക് തന്നെ രണ്ട് വർഷത്തിലധികം സമയമാണ് എടുത്തത്. പതിവിൽ നിന്ന് വ്യത്യസ്‌തമായി ജിത്തു ജോസഫ് മറ്റൊരു വ്യക്‌തിയുടെ തിരക്കഥയിലാണ് ഇത്തവണ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
നവാഗതനായ കെആർ കൃഷ്‌ണകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ‘12th MAN’ വേറിട്ട ഓൺലൈൻ ഗെയിം അവതരിപ്പിച്ചുകൊണ്ട് പ്രചരണപരിപാടികൾക്ക് പുതിയ ഒരു ഹൈ ടെക്ക് തലം തന്നെ സൃഷ്‌ടിച്ചിരുന്നു.
ഈ വർഷം ഇത് രണ്ടാം തവണയാണ് ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ ഒടിടി വിജയവുമായി ആശിർവാദ് എത്തിയിരിക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമായ ‘ബ്രോ ഡാഡി’ ഇന്ത്യയിലെ ‘ഡിസ്‌നി ഹോട്ട്സ്‌റ്റാർ’ ചരിത്രത്തിൽ ഏറ്റവുമധികം ജനങ്ങൾ ആദ്യദിനങ്ങളിൽ കണ്ട രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡ് നേട്ടവുമായി അൽഭുതം സൃഷ്‌ടിച്ചിരുന്നു.
ഈ വർഷം ഇനിയും മോൺസ്‌റ്റർ, എലോൺ, ബറോസ് തുടങ്ങി വ്യത്യസ്‌ത ജോണറുകളിലായി വളരെ അധികം പ്രതീക്ഷകൾ നിലനിർത്തുന്ന ചിത്രങ്ങളാണ് ആശിർവാദിന്റെ ബാനറിൽ റിലീസിനായി ഒരുങ്ങുന്നത്. ഇവക്ക് പുറമെ മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘റാം’ ഈ വർഷം പൂർണമാകും.
കോവിഡ് പ്രശ്‌നങ്ങൾ കാരണം അനിശ്‌ചിതമായി നീണ്ട ‘റാം’ മിന്റെ അണിയറ പ്രവർത്തകരും താരങ്ങളും അവസാനഘട്ട ചിത്രീകരണത്തിന് വേണ്ടി താമസിയാതെ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നുണ്ട്. വയലന്‍സോ ബോറിങ്ങോ ഇല്ലാതെ കണ്ടിരിക്കാവുന്ന മികച്ച ചിത്രമായ ഡീസന്റ് ക്രൈം ത്രില്ലർ ‘ട്വല്‍ത് മാന്‍’ ഓരോ പ്രേക്ഷകനും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് അടിവരയിട്ടു പറയാം. മോഹന്‍ലാലിന്റെ അടുത്ത കാലത്തിറങ്ങിയതില്‍ ഏറ്റവും നല്ല കഥാപാത്രവും പെര്‍ഫോമന്‍സും കൂടിയുള്ള സിനിമയാണ് ‘ട്വല്‍ത് മാന്‍’.
Most Read: വർഗീയതക്ക് എതിരെ ശക്‌തമായ നടപടി; പിസി ജോർജിന്റെ അറസ്‌റ്റ് ഫസ്‌റ്റ് ഡോസെന്ന് മുഖ്യമന്ത്രി