കാസർഗോഡ്: എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ സ്വദേശിയായ 17-കാരിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്.
പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. ആത്‍മഹത്യ ശ്രമം നടന്ന ദിവസം യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് യുവാവ് പെൺകുട്ടിയുടെ മൊബൈലിൽ നിന്നും സിം കാർഡ് എടുത്ത് നശിപ്പിച്ചിരുന്നു.
പിന്നീട് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്‌തു. പിന്നാലെയാണ് പെൺകുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്‌ഥയിലായ പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: നടിക്ക് നീതി ലഭിക്കാൻ മുന്നിട്ടിറങ്ങണം; ഇന്നസെന്റ്