കോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡണ്ട് ഇന്നസെന്റ്. നടിക്ക് നീതി ലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു.
അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുതേടി ക്രൈംബ്രാഞ്ച് സംഘം നടൻ ദിലീപിന്റെ വീട് അടക്കം 3 ഇടങ്ങളിൽ കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയിരുന്നു.
ആലുവയിലെ ‘പത്‌മസരോവരം’ വീട്ടിൽ പകൽ 11.50ന് ആരംഭിച്ച റെയ്‌ഡ് 6.50 വരെ നീണ്ടു. ഹാർഡ് ഡിസ്‌ക്, മൊബൈൽ ഫോണുകൾ, ടാബ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂർ റോഡിൽ ദിലീപിന്റെ സിനിമാ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ഓഫിസിലും ആലുവ പറവൂർ കവല വിഐപി ലെയ്‌നിൽ ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. ദിലീപ് ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണും കസ്‌റ്റഡിയിൽ എടുത്തു.
ഇതിനിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹരജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹരജിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്‌റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
Also Read: ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി; ചാൻസലർ സ്‌ഥാനം ഒഴിയരുതെന്ന് ആവശ്യം