കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് സമ്പൂർണ സജ്‌ജമായി സിപിഎം. പാർട്ടി പിറന്ന കണ്ണൂരിന്റെ മണ്ണിൽ ആവേശ പ്രചാരണമാണ് സിപിഎം നടത്തിയിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറുമ്പോൾ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപെടെ മുതിർന്ന നേതാക്കൾ കണ്ണൂരിൽ ഇതിനകം എത്തിക്കഴിഞ്ഞു. പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും.
സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എകെജി നഗറിൽ എത്തുന്നതോടെ സമ്മേളനത്തിന് തിരി തെളിയും. കൊടിമര ജാഥ കാസർഗോഡ് കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉൽഘാടനം ചെയ്‌തത്. ജാഥാ ലീഡറും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായ പികെ ശ്രീമതിക്ക് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജർ.
കൊടിമര, പതാക ജാഥകൾ പൊതുസമ്മേളന വേദിയായ ജവഹര്‍ സ്‌റ്റേഡിയത്തില്‍ എത്തിയതിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം.
കോണ്‍ഗ്രസ് ബന്ധം, വികസന നയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്‌ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. ഇതിന് മുന്നോടിയായി പാര്‍ട്ടി അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് വൈകിട്ട് കണ്ണൂരില്‍ ചേരും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.
Most Read: സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; അമ്മയും അറസ്‌റ്റിൽ