തിരുവനന്തപുരം : ലോക്ക്ഡൗണിന് ശേഷം ആഴ്‌ചകൾക്കിപ്പുറം സംസ്‌ഥാനത്ത് തുറന്ന മദ്യശാലകളിൽ ഇന്നലെ നടന്നത് റെക്കോർഡ് വിൽപന. 51 കോടി രൂപയുടെ മദ്യമാണ് ഇന്നലെ ഒറ്റദിവസം കൊണ്ട് സംസ്‌ഥാനത്തെ ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. ഇവിടെ മാത്രം 68 ലക്ഷം രൂപയുടെ മദ്യം ഇന്നലെ വിറ്റു.
തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65 ലക്ഷം രൂപയുടെയും, ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവിൽപനയാണ് ഇന്നലെ നടന്നത്. കൂടാതെ കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ വഴി 8 കോടിയുടെ മദ്യവിൽപനയും ഇന്നലെ നടന്നു. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമല്ലാത്ത, കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലെ 225 ഔട്ട്ലെറ്റുകളാണ് ഇന്നലെ തുറന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26ആം തീയതിയാണ് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചത്. തുടർന്ന് ഇന്നലെ ലോക്ക്ഡൗൺ പിൻവലിച്ചതോടെ സംസ്‌ഥാനത്തെ മദ്യശാലകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ബെവ്കോ മൊബൈൽ ആപ്പ് വഴി സ്ളോട്ട് ബുക്ക് ചെയ്‌തുകൊണ്ടുള്ള മദ്യവിൽപനയാണ് ആദ്യം തീരുമാനിച്ചതെങ്കിലും, ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങൾ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.
Read also : ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം; തമിഴ്‌നാട് സർക്കാർ