തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുക. 9 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 11 പഞ്ചായത്ത് വാര്‍ഡുകളും, ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡും, 3 നഗരസഭാ വാര്‍ഡുകളുമാണ് ഉൾപ്പെടുന്നത്.
79.73 ശതമാനം വോട്ടാണ് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ ആറളം വീർപ്പാട് വാർഡിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 92.55 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കൂടാതെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പുല്ലൂരിലാണ്.
ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിലെ ഫലമാണ് കേരളം ഉറ്റുനോക്കുന്നത്. എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ആറളത്ത് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടെ ഭരണം നേടാനായി യുഡിഎഫിന്റെയും, ഭരണം നിലനിർത്താനായി എൽഡിഎഫിന്റെയും ശക്തമായ പോരാട്ടമാണ് വാർഡിൽ നടന്നത്.
Read also: ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം പരാജയം