കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന. ജില്ലയിലെ ബസുകളിൽ വ്യാജ ഡീസലുകളുടെ ഉപയോഗം വർധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒരു ബസിൽ നിന്ന് വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടിയിട്ടുണ്ട്.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ അഞ്ച് മണിമുതലാണ് പരിശോധന ആരംഭിച്ചത്. അതേസമയം, പിടിച്ചെടുത്ത ഇന്ധനം പരിശോധനയ്‌ക്ക് അയക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. പരിശോധനാ ഫലത്തിൽ വ്യാജമെന്ന് തെളിഞ്ഞാൽ ബസ് സീസ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഇന്ധനവില പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബസുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാണെന്ന പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥർ ബസുകളിൽ മിന്നൽ പരിശോധന നടത്തിയത്. അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും കൂടിയിരുന്നു. കോഴിക്കോട് പെട്രോളിന് 105 രൂപാ 20 പൈസയും ഡീസലിന് 98 രൂപാ 53 പൈസയുമാണ് ഇന്നത്തെ വില.
Most Read: അറബിക്കടലില്‍ സ്‌ഥാപിച്ച കാലാവസ്‌ഥാ നിരീക്ഷണ യന്ത്രം കാണാതായി



































