കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ മയ്യിൽ അരിമ്പ്ര സ്വദേശി താലിബാൻ നൗഫലിനെയാണ് (29) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ നൗഫലിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു.
പ്രതി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി അന്വേഷണ സംഘം അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംഭവത്തിലെ സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ബുധനാഴ്ചയാണ് എട്ടംഗ സംഘം കടമേരിയിൽ എത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതി പാറേമ്മൽ നിയസിന്റെ വീട്ടിൽവെച്ച് നടത്തിയ ചർച്ചക്കിടെ പരസ്പരം ഏറ്റുമുട്ടുകയും സ്ഥലത്തെത്തിയ നാട്ടുകാരെയടക്കം ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ആയിരുന്നു.
സംഭവത്തിൽ ഗുണ്ടാ നേതാവ് ഷമീം ഉൾപ്പടെയുള്ള രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. നാദാപുരം സിഐ ഫായിസ് അലി, എഎസ്ഐ മനോജ്, വിവി ഷാജി, സുധീഷ് വള്ള്യാട്, പ്രദീപൻ, എംഎസ്പിയിലെ അശ്വന്ത് എന്നിവരാണ് നൗഫലിനെ പിടികൂടിയത്.
Most Read: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ