ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന് മിസൈല്‍ രുദ്രം വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
രുദ്രം-1 വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമ മേധാവിത്വവും തന്ത്രപ്രധാന ശേഷിയും ആര്‍ജിക്കാന്‍ കഴിയും. ഇന്ത്യന്‍ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗവേഷണ സ്ഥാപനം ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷനാണ് മിസൈല്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക പ്രസ്താവന അനുസരിച്ച് വ്യോമസേനക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആന്റി റേഡിയേഷന് മിസൈലാണ് രുദ്രം.
Read Also: ടൊവിനോയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി
ശത്രുക്കളെ ആകാശത്ത് വെച്ച് ഇല്ലാതാക്കാമെന്നതാണ് മിസൈലിന്റെ പ്രധാന സവിശേഷത. ശത്രു റഡാറിനെ ലക്ഷ്യമാക്കി സുഖോയ് യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ആന്റി റേഡിയേഷന് മിസൈല്‍, ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും. ശത്രു സാന്നിധ്യം കണ്ടെത്തി 250 കിലോമീറ്റര്‍ പരിധിക്കുള്ളിലെ ലക്ഷ്യങ്ങളെ തകര്‍ക്കാനും കഴിയും. ശത്രുക്കളുടെ ആശയ വിനിമയ സംവിധാനങ്ങള്‍ ഉടനടി ഇല്ലാതാക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ശത്രുക്കളെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ പ്രധാന ആയുധം ആണിത്.