
റായ്പുർ: ഛത്തീസ്ഗഡിലെ ബിലാസ്പുർ ജില്ലയിൽ ജയ്റാംനഗർ സ്റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരിക്കേറ്റത്. ചുവപ്പ് സിഗ്നൽ അവഗണിച്ച് മെമു മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.
സംഭവത്തിൽ റെയിൽവേയുടെ അന്വേഷണം തുടരുകയാണ്. കോർബ ജില്ലയിലെ ജെവ്റയിൽ നിന്ന് പുറപ്പെട്ട മെമു ട്രെയിനും ചരക്കുവണ്ടിയുമാണ് ഗടോര, ബിലാസ്പുർ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ വൈകീട്ട് നാലിന് അപകടത്തിൽപ്പെട്ടത്. ചരക്കുട്രെയിനിന്റെ പിന്നിലേക്ക് മെമു ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മെമുവിന്റെ മുൻവശത്തെ കോച്ച് ചരക്കുവണ്ടിയുടെ മുകളിലേക്ക് കയറി.
മരിച്ചവരുടെ ബന്ധുക്കൾക്ക് ഛത്തീസ്ഗഡ് സർക്കാർ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. റെയിൽവേയുടെ ധനസഹായമായി മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപയും ഗുരുതര പരിക്കുള്ളവർക്ക് അഞ്ചുലക്ഷം രൂപ, പരിക്കേറ്റ മറ്റുള്ളവർക്ക് ഒരുലക്ഷം രൂപയും നൽകും.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!





































