തിരുവനന്തപുരം: വിമാനത്തിനുള്ളില് വെച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസിൽ മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി. വിശദമായ റിപ്പോർട് നാളെ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കോടതി കർശന നിർദ്ദേശം നൽകി.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നാസീറയുടേതാണ് ഉത്തരവ്. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകാത്ത കാരണത്താലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇത് തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇതോടെയാണ് നാളെ വിശദമായ റിപ്പോർട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയത്. കേസിൽ വിമാനസുരക്ഷാ നിയമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. 2024 ഏപ്രിലിലാണ് കുറ്റപത്രം പ്രോസിക്യൂഷൻ അനുമതിക്കായി കേന്ദ്രത്തിന് അയച്ചത്.
കേസിലെ ഒന്നാംപ്രതി ഫർസീൻ മജീദ് തന്റെ പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടി സമർപ്പിച്ച ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. എന്നാൽ, ഇതിൽ പോലീസ് റിപ്പോർട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടത് മൂലം ഹരജി പരിഗണിക്കുന്നത് രണ്ടുതവണകളായി മാറ്റിയതാണ് കോടതിയെ കർശന നടപടിക്ക് പ്രേരിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായിരുന്ന ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. 2022 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് ഇറങ്ങിയ ഇൻഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർകെ. നവീൻകുമാർ എന്നിവർ പ്രതിഷേധിക്കുകയായിരുന്നു.
അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന ഇപി. ജയരാജന്റെ പരാതിയിൽ വലിയതുറ പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ആയിരുന്ന കെഎസ് ശബരിനാഥനെ പ്രതി ചേർക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തത് എന്നായിരുന്നു പോലീസ് റിപ്പോർട്. വധശ്രമത്തിന് പുറമെ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയിരുന്നു. വിമാനത്തിൽ വെച്ച് യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചെന്നും വിമാനത്തിന് കേടുപാട് ഉണ്ടാക്കിയെന്നുമുള്ള വകുപ്പുകളാണ് ചുമത്തിയത്.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

































