തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കർഷക തൊഴിലാളി സംഘടനകളും സർക്കാർ-അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു. ആവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചു.
ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്ന് സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കുന്നില്ല. അതേസമയം, പണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനെയും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി.
ഏതൊക്കെ മേഖലകൾ സ്തംഭിക്കും?
പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസുകളൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കും. വ്യവസായ- കാർഷിക-വാണിജ്യ- വ്യാപാര മേഖലകൾ പൂർണമായി നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഷോപ്പിങ് മാളുകൾ, സ്പെഷ്യൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്തംഭിക്കും. ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റെയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടോർ തൊഴിലാളികൾ, ഷോപ്പ് എംപ്ളോയീസ്, മൽസ്യബന്ധനം- വിതരണ മേഖല, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്കീം വർക്കർമാർ, നിർമാണം, കയറ്റിറക്ക്, ഐടി, ചെറുകിട വ്യവസായം, സ്വകാര്യ-പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിങ് സ്ഥാപനങ്ങൾ എന്നിവരും പണിമുടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ




































