സൗത്ത് ലൈവിനെതിരെ സൈബര്‍ പോലീസ്‌ ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സൈബര്‍ മേധാവിയും എഡിജിപിയുമായ എസ് ശ്രീജിത്തിന് എതിരെ അഭിഭാഷകന്‍ നല്‍കിയ പരാതി സൗത്ത് ലൈവ് വാര്‍ത്തയാക്കിയിരുന്നു. ഈ വാർത്ത റിമൂവ് ചെയ്യാനും അല്ലാത്തപക്ഷം നിയമനടപടി ഉൾപ്പടെയുള്ളവ നേരിടേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

By Senior Reporter, Malabar News
Representational event poster linked to S. Sreejith IPS Allegations news coverage, ayurvedic centre opening Abu Dhabi 2026.
Representational Image
Ajwa Travels

തിരുവനന്തപുരം: ഫെബ്രുവരി 9, 10 തീയതികളിൽ സൗത്ത് ലൈവിൽ വന്ന വാർത്തകളെ തുടർന്നുണ്ടായ സൈബർ പോലീസ്‌ ഭീഷണിക്കെതിരെ നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ( ഇന്ത്യ) പ്രസിഡണ്ടുമായ സാജ് കുര്യൻ മുഖ്യമന്ത്രിക്കും സംസ്‌ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്‌ടർക്കും ഉള്‍പ്പടെ പരാതി നല്‍കി.

സൗത്ത് ലൈവ് റിപ്പോർട്ട് അനുസരിച്ച്; എഡിജിപി ശ്രീജിത്ത് ഫെബ്രുവരി ഒന്നിന് നടത്തിയ അബുദാബി യാത്രയെ സംബന്ധിച്ചും അവിടെ ഒരു സ്വകാര്യ ആയുര്‍വേദ സെന്ററിന്റെ ഉൽഘാടന ചടങ്ങില്‍ ചീഫ് ഗസ്‌റ്റായി പങ്കെടുത്തതിലെ ചട്ടവിരുദ്ധതയും മറ്റു ഇടപാടുകളും അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതിയും ബന്ധപ്പെട്ട കാര്യങ്ങളും സൗത്ത് ലൈവ് രണ്ടു ദിവസങ്ങളിലായി വാര്‍ത്തയാക്കിയിരുന്നു.

ഈ വാര്‍ത്തകൾ ഡിലീറ്റ് ചെയ്യാനാണ് സൈബര്‍ പൊലീസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായത്. സൗത്ത് ലൈവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പൂട്ടിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമായിരുന്നു സൈബര്‍ വിഭാഗത്തില്‍ നിന്നും വിളിച്ച ഉദ്യോഗസ്‌ഥന്‍ പറഞ്ഞത്. ഈ പശ്‌ചാത്തലത്തിലാണ് നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് പരാതി നല്‍കിയത്.

എഡിജിപി ശ്രീജിത്ത് സൈബര്‍ ഓപ്പറേഷന്‍ മേധാവിയായ ശേഷം സമാനമായ ഭീഷണികൾ ‘വണ്‍ഇന്ത്യ മലയാളം’ എന്ന മാദ്ധ്യമ സ്‌ഥാപനത്തോടും ‘ഡയ്‌ലി ഹണ്ട്’ എന്ന ന്യൂസ് ഫീഡ് ആപ്പിനോടും കാണിച്ചതായും സൗത്ത് ലൈവ് അധികൃതര്‍ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

2025 ജൂണ്‍ രണ്ടിന് എഡിജിപി ശ്രീജിത്തിന് എതിരെ ഭരണഘടനാ സ്‌ഥാപനമായ യൂണിയൻ പബ്‌ളിക് സർവീസ് കമ്മീഷനിൽ (UPSC/യുപിഎസ്‍സി) ലഭിച്ച ഒരു പരാതി പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഈ വാർത്ത പ്രസിദ്ധീകരിച്ച വണ്‍ ഇന്ത്യ മലയാളത്തിൽ നിന്നും ഡയ്‌ലി ഹണ്ടിൽനിന്നും ശ്രീജിത്ത് തലവനായ സൈബര്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്ത ഡിലിറ്റ് ചെയ്യിപ്പിച്ചിരുന്നു എന്നാണ് സൗത്ത് ലൈവ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

“ശരിതെറ്റുകൾ സാമൂഹികമായി ചർച്ച ചെയ്യിപ്പിക്കുന്നതിനും നിയമ-നീതി-ഭരണ സംവിധാനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനും വാർത്തകളും മറ്റു വിവരങ്ങളും സമൂഹത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം നിർവഹിക്കുന്ന മാദ്ധ്യമങ്ങളെ വേട്ടയാടുന്ന രീതി ഒരു സിസ്‌റ്റത്തിൽ നിന്ന് തന്നെ തുടർച്ചയായി ഉണ്ടാകുന്നു എന്നത് അപകടകരമായ അവസ്‌ഥയാണ്‌. ഇത് നീതികരിക്കാനോ പ്രോൽസാഹിപ്പിക്കാനോ പാടില്ലാത്തത് കൊണ്ടാണ് സംസ്‌ഥാന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയത്” -സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ( ഇന്ത്യ) പ്രസിഡണ്ടുമായ സാജ് കുര്യൻ പറഞ്ഞു.

2026 ഫിബ്രുവരി ഒന്നിനാണ് ‘നവ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍’ എന്ന പേരില്‍ അബുദാബിയിലെ ‘ദാബി ടവറിൽ’ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്‌ഥാപനത്തിന്റെ ഉൽഘാടന ചടങ്ങില്‍ ചീഫ് ഗസ്‌റ്റായി എഡിജിപി ശ്രീജിത്ത് പങ്കെടുത്തത്. ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും സൗത്ത് ലൈവ് അധികൃതർ പറഞ്ഞു.

ചട്ടവിരുദ്ധതയും ബന്ധപ്പെട്ട മറ്റുവിഷയങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്‌ടർക്ക് ലഭിച്ച പരാതി, തുടര്‍ നടപടിക്കായി വിജിലന്‍സ് ഡയറക്‌ടറേറ്റ് തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്‌തിരുന്നു. പരാതിയില്‍ പറയുന്നത് ഇത് ഒരു സ്വകാര്യ സ്‌പാ ആണെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്‌ഥനായ എഡിജിപി ശ്രീജിത്ത് ഈ പരിപാടിയില്‍ ചീഫ് ഗസ്‌റ്റായി പങ്കെടുത്തത് ചട്ടവിരുദ്ധമാണ് എന്നുമാണ്.

“സൗത്ത് ലൈവിൽ വിളിച്ച് വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്‌ഥന്‍ പറയുന്നത്, നവ ആയുര്‍വേദ സെന്റര്‍ ഒരു സ്‌പാ അല്ലന്നാണ്. എന്നാല്‍, ഇതേ സ്‌ഥാപനത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ തന്നെ സ്‌പാ ആണെന്ന് വ്യക്‌തമാക്കുന്ന തെളിവുകളുണ്ട്. നവ ആയുര്‍വേദ മെഡിക്കല്‍ സെന്ററില്‍ യുവതി ഫേഷ്യല്‍ ചെയ്യുന്നതും വിവിധ മസാജുകൾ ചെയ്യുന്നതും അനുഭവം പറയുന്നതുമായ വീഡിയോ ഇതേ സ്‌ഥാപനത്തിലെ സോഷ്യല്‍ മീഡിയ പേജില്‍ തന്നെ വന്നിട്ടുള്ളതാണ്. ഇത്തരം സ്‌ഥാപനത്തെ സ്‌പാ എന്നല്ലാതെ മറ്റെന്താണ് പറയുക എന്നത് മനസിലാകുന്നില്ലെന്നും” പരാതിയില്‍ സൗത്ത് ലൈവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സൈബര്‍ പൊലീസ് മേധാവി കൂടിയായ എഡിജിപി ശ്രീജിത്ത് ഇടപെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ നിന്നും ചുമതലപ്പെട്ട ഉദ്യോഗസ്‌ഥന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും, ഇത് മാദ്ധ്യമ സ്വാതന്ത്രത്തിന് എതിരാണെന്നും ഇതിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം എന്നുമാണ് സൗത്ത് ലൈവ് മാനേജിങ് എഡിറ്റർ നല്‍കിയ പരാതിയിലെ ആവശ്യം.

Most Read| പന്നു വധശ്രമക്കേസ്‌; അമേരിക്കൻ കോടതിയിൽ കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE