തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം നിർദ്ദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള പ്രഖ്യാപനം നടത്തുക എന്നതിനാണ് സാധ്യത.
എന്നാൽ, സീറ്റ് ഉറപ്പാക്കിയ സ്ഥാനാർഥികൾ ആ മണ്ഡലങ്ങളിൽ സജീവമാകുന്നതിനും നിർദ്ദേശിച്ചു. നേമം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ, കാട്ടാക്കടയിൽ പികെ. കൃഷ്ണദാസ്, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ ആനൂപ്പ് ആന്റണി എന്നിവർ പ്രവർത്തനം സജീവമാക്കി.
വട്ടിയൂർക്കാവ് ആർ. ശ്രീലേഖ മൽസരിച്ചേക്കുമെന്നും ഇതിന് ദേശീയ നേതൃത്വം തീരുമാനം അറിയിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി, ആറൻമുളയിൽ കുമ്മനം രാജശേഖരൻ എന്നിവർക്കാണ് സാധ്യത.
ശോഭ സുരേന്ദ്രനായി കായംകുളം അല്ലെങ്കിൽ പാലക്കാട് ആണ് പരിഗണിക്കുന്നത്. കാസർഗോഡ് എംഎൽ. അശ്വനിയും ആറ്റിങ്ങലിൽ പി. സുധീറും മൽസരിച്ചേക്കും. എറണാകുളത്തെ തൃപ്പൂണിത്തുറയിലെ ആലുവയിലും ബിജെപി മൽസരിക്കും. ജില്ലയിലെ ചില സീറ്റുകൾ ട്വിന്റി 20ലേക്ക് നൽകും. തൃശൂരിൽ എംടി. രമേശിനെയാണ് ആദ്യം പരിഗണിച്ചത്.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം






































