കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസിന് സ്‌ഥലം മാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായാണ് ഹണി എം. വർഗീസിനെ നിയമിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്തിയതും വിധി പറഞ്ഞതും ഹണിയുടെ കോടതിയായിരുന്നു.
കേരള ഹൈക്കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഹണി എം. വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായിരുന്ന കെകെ. ബാലകൃഷ്‌ണനെ എറണാകുളത്തും ഇതേ പദവിയിൽ നിയമിച്ചു. തൊടുപുഴ പ്രിൻസിപ്പൽ ചില ജഡ്‌ജിയായിരുന്ന പിഎസ്. ശശികുമാറിനെ തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായും നിയമിച്ചിട്ടുണ്ട്.
2019ലാണ് അന്ന് സ്‌പെഷ്യൽ കോടതി ജഡ്‌ജിയായിരുന്ന ഹണി എം. വർഗീസിനെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രത്യേക കോടതി ജഡ്‌ജിയായി ഹൈക്കോടതി നിയമിക്കുന്നത്. വനിതാ ജഡ്‌ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഇത്. പിന്നീട് ഹണി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ആയപ്പോഴും കേസിന്റെ വിചാരണ ഈ കോടതിയിലേക്ക് മാറ്റി.
വർഷങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ 2025 ഡിസംബർ എട്ടിന് കേസിൽ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ഒന്നുമുതൽ ആറുവരെ പ്രതികളെ 20 വർഷം കഠിനതടവിന് ശിക്ഷിച്ചപ്പോൾ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം നാലുപേരെ വെറുതെ വിടുകയും ചെയ്‌തു.
സാധാരണ മൂന്നുവർഷത്തിലൊരിക്കൽ ജഡ്‌ജിമാർക്ക് സ്‌ഥലം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാൽ ഹണിക്ക് സ്‌ഥലം മാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രണ്ടുമാസം കൂടി കഴിഞ്ഞാണ് അവരെ സ്‌ഥലം മാറ്റുന്നത്.
Most Read| ‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി, മനുഷ്യന്റെ കഴിവുകളെ വർധിപ്പിച്ചു’




































