ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടെന്ന കർക്കശ നിലപാടിൽ ഹൈക്കമാൻഡ്. ഇതോടെ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാനാകില്ല. മൽസരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ഇരുവരുമായി ഹൈക്കമാൻഡ് ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കോൺഗ്രസിന്റെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക വൈകുന്നതിൽ കണ്ണൂരിൽ മൽസരിക്കണമെന്ന കെ. സുധാകരന്റെ കടുംപിടിത്തത്തെ ചൊല്ലിയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല, കോന്നിയിൽ ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശും മൽസരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, എംപിമാർ ആരും മൽസരിക്കേണ്ടെന്ന കർക്കശ നിലപാടാണ് ഹൈക്കമാൻഡ് കൈക്കൊണ്ടത്.
കണ്ണൂരിൽ മുൻ കോർപറേഷൻ മേയറായിരുന്ന ടിഒ. മോഹനൻ കോൺഗ്രസ് സ്‌ഥാനാർഥിയായേക്കും. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെ സ്‌ഥാനാർഥിയാക്കാനാണ് സാധ്യത. കണ്ണൂരിൽ ഇനി സുധാകരന്റെ നീക്കങ്ങൾ എന്താകുമെന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്.
സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടാകുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. മൽസരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നത്.
കെസി. വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ നടത്തിയ അനുനയ ചർച്ചകളിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. എതിരാളികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആത്‌മസംഘർഷം ഉണ്ടാക്കുന്നുണ്ട്.
ബുധനാഴ്‌ച വൈകീട്ട് മുതൽ അഞ്‌അവരെ കോർ കമ്മിറ്റി യോഗം, തുടർന്ന് ഇന്ദിരാഭവനിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം, പിന്നാലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ പ്രത്യേക യോഗം-മാരത്തൺ ചർച്ചകൾ നടത്തിയിട്ടും സ്‌ഥാനാർഥിപ്പട്ടിക അന്തിമമാക്കാനായില്ല. ഇനി 36 സീറ്റുകളാണ് പ്രഖ്യാപിക്കാനുള്ളത്. ഇന്ന് രാവിലെ പത്തുമണിക്ക് പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































