ബെംഗളൂരു: ‘ഡിജിറ്റൽ ഡിറ്റോക്‌സ്’ പദ്ധതിയുടെ കരട് നിർദ്ദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഉപയോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രഥമ പരിഗണന.
സ്‌ക്രീൻ ഉപയോഗം ദിവസം ഒരുമണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് വൈകീട്ട് ഏഴുമണിക്ക് ശേഷം ഇന്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം.
പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ഡിജിറ്റൽ വെൽനെസ് കമ്മിറ്റികൾ രൂപീകരിക്കും. കുട്ടികളെ നിരീക്ഷിച്ചു ആവശ്യമായ കൗൺസലിങ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകുകയാണ് ഇത്തരം കമ്മറ്റികളുടെ ചുമതല. ഡിജിറ്റർ സാക്ഷരതയും ഓൺലൈൻ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കരട് നയത്തിൽ നിർദ്ദേശമുണ്ട്.
കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്‌ക്രീൻ ഉപയോഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിൽ കുട്ടികൾക്കായി കൃത്യമായ സ്‌ക്രീൻ ടൈം നിശ്‌ചയിക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കൾക്ക് മാർഗനിർദ്ദേശം നൽകും.
ഔട്ട്ഡോർ കളികളിലും മറ്റു ശാരീരിക പ്രവർത്തനങ്ങളിലും കുട്ടികളെ കൂടുതൽ പ്രോൽസാഹിപ്പിക്കണമെന്നും നയം നിർദ്ദേശിക്കുന്നു. നേരത്തെ, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ








































