തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ നാലിന് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും. തിരുവല്ല, ആറൻമുള ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.
തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ 30,000 പേർ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിന് എത്തുന്നത്. കഴിഞ്ഞദിവസം പാലക്കാട് നടന്ന പൊതു പരിപാടിയിലും തൃശൂർ നഗരത്തിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.
അതിനിടെ, വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിൽ അടുത്തകാലത്തായി ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം.
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത യാഥാർഥ്യമാക്കും. നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ടു എൽപിജി സിലിണ്ടർ സൗജന്യമായി നൽകും. ഓരോ വീടിനും പ്രതിമാസം 20000 ലിറ്റർ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം






































