ന്യൂഡെൽഹി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി (വയനാട്) തുരങ്കപാതയുടെ അനുമതി തടയണമെന്ന അപ്പീൽ തള്ളി സുപ്രീം കോടതി. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് പദ്ധതിക്ക് ഹൈക്കോടതി അനുമതി നൽകിയതെന്നും, വിധിയിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. തുരങ്കപാത പ്രദേശത്തിന്റെ ജീവനാഡിയാകും. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിത്. ഇനി വിഷയത്തിൽ ഇടപെട്ടാൽ അത് പദ്ധതി വൈകിപ്പിക്കാൻ മാത്രമേ കാരണമാവുകയുള്ളൂവെന്നും കോടതി അറിയിച്ചു.
400 പേർ മരിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ അപകട സാധ്യതയുള്ള മേഖലയിലാണ് നിർമാണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളി. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് കോടതിക്ക് ബോധ്യമുണ്ട്. തുരങ്കപാത ഇപ്പോൾ പലയിടത്തും നിർമിക്കുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി.
58 കർശന നിബന്ധനകളോടെയാണ് പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. തുരങ്കപാത വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്‌ഥയെ ബാധിക്കില്ലെന്നും ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും കോടതി വിലയിരുത്തി. ഇതോടെ, സംസ്‌ഥാന സർക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാൻ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.
തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കമായിട്ടുണ്ട്. വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. കിഫ്‌ബി പിന്തുണയോടെ നിർമിക്കുന്ന ഇരട്ടതുരങ്കം 2029ൽ പൂർത്തിയാക്കാനാണ് ശ്രമം. മറിപ്പുഴ മുതൽ മീനാക്ഷിപാലം വരെ സമീപ റോഡ് ഉൾപ്പടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ഇരട്ട തുരങ്കങ്ങളാണ്.
വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണത്തോടെ സാഫല്യമാകാൻ പോകുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ ചിലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.
വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ ആയി കുറയും. താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































