റിയാദ്: ഈവർഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഈമാസം 18 മുതൽ ആരംഭിക്കും. ഹജ്‌ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്‌ജ് നിർവഹിച്ച, സൗദിയിൽ താമസിക്കുന്ന ആഭ്യന്തര തീർഥാടകർക്കാണ് ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ അവസരം ലഭിക്കുക.
ഹജ്‌ജ്-ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സുസുക് ആപ്പ് വഴിയോ അപേക്ഷിക്കാം. സ്വദേശികൾക്കും സൗദി ഇഖാമയുള്ള വിദേശികൾക്കും ഈ ഘട്ടത്തിൽ രജിസ്‌റ്റർ ചെയ്യാം. മുൻഗണനാ ക്രമത്തിലാവും അനുമതി ലഭിക്കുക.
ലഭ്യമായ വിവിധ പാക്കേജുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാനും നിശ്‌ചിത സമയത്തിനുള്ളിൽ തുക അടച്ച് ബുക്കിങ് ഉറപ്പാക്കാനും സാധിക്കും. തീർഥാടകർക്ക് സുഗമമായ ഹജ്‌ജ് കർമം ഉറപ്പാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
രജിസ്‌റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞത് 15 വയസ് പ്രായമുണ്ടായിരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും അപേക്ഷകർ പാലിച്ചിരിക്കണം. വിദേശി താമസക്കാർക്ക് അപേക്ഷാ വേളയിൽ സാധുവായ റെസിഡൻസി പെർമിറ്റ് (ഇഖാമ) ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































