ന്യൂഡെൽഹി: തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുകോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. രണ്ടാംഘട്ടം 29നാണ്.
സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇരു സംസ്‌ഥാനങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. കടുത്ത പോരാട്ടത്തിന്റെ സൂചന നൽകി 38 ദിവസം നീണ്ട പ്രചാരണത്തിന് ശേഷം തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലെത്തും. 34 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ, ആകെ 4023 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്.
അഞ്ചുകോടി 73 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലെത്തും. ഭരണത്തുടർച്ച ഉറപ്പാണെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് മുഖ്യമന്ത്രി എംകെ. സ്‌റ്റാലിൻ വോട്ടെടുപ്പിന്റെ തലേന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു. സംസ്‌ഥാനത്ത് കുടുംബവാഴ്‌ചയ്‌ക്ക് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറയുന്നത്.
ഈ ദിവസം താൻ പറയുന്നത് അനുസരിച്ചാൽ അടുത്ത അഞ്ചുവർഷം വോട്ടർമാർ പറയുന്നതുപോലെ പ്രവർത്തിക്കാമെന്നാണ് ടിവികെ നേതാവ് വിജയ് നൽകുന്ന വാഗ്‌ദാനം. സംസ്‌ഥാന ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനമായിരിക്കും ബിജെപി ഇത്തവണ നടത്തുകയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
മുഖ്യമന്ത്രി എംകെ. സ്‌റ്റാലിൻ കൊളത്തൂരിൽ നിന്ന് തുടർച്ചയായി നാലാം ജയമാണ് പ്രതീക്ഷിക്കുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ ഇത്തവണയും ചെപ്പോക്ക്- ട്രിപ്‌ളിക്കൻ മണ്ഡലത്തിലും മൽസരിക്കും. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി തട്ടകമായ എടപ്പാടിയിൽ മൽസരിക്കുമ്പോൾ ടിവികെ അധ്യക്ഷൻ വിജയ് പെരമ്പൂരിലും തിരുച്ചി ഈസ്‌റ്റിലും ജനവിധി തേടുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് 73.63 ശതമാനം ആയിരുന്നു പോളിങ്. 294 സീറ്റുകളിലേക്ക് രണ്ടുഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക. 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. ബിജെപിക്ക് മേൽക്കോയ്‌മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്‌ക്കുമെന്നാണ് ബിജെപി പ്രതീക്ഷ.
അതേസമയം, ഭരണവികാരം ഉയർത്തി ആഴ്‌ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് തൃണമൂൽ കോൺഗ്രസ് കരുതുന്നത്. സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ ബംഗാളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Most Read| കരസേനാ മേധാവിയായി വനിത; ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ആദ്യം




































