മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. യുദ്ധം അവസാനത്തോട് അടുക്കുകയാണെന്ന് കരുതുന്നതായി പുട്ടിൻ പറഞ്ഞു. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോഴാണ് പുട്ടിന്റെ നിർണായക പ്രതികരണം.
ശനിയാഴ്‌ച മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്. നാലു വർഷത്തിലേറെയായി നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് പുട്ടിൻ നന്ദി അറിയിക്കുകയും ചെയ്‌തു. യുക്രൈനും റഷ്യയും മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് പുട്ടിന്റെ പ്രതികരണം.
”ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷേ ഇത് റഷ്യക്കും യുക്രൈനും വേണ്ടിയുള്ള കാര്യമാണ്. യുക്രൈൻ സംഘർഷം അവസാനിക്കുകയാണ്. ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രൈന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദ്ദേശത്തിന് യുക്രൈൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ല- പുട്ടിൻ പറഞ്ഞു.
മേയ് ഒമ്പതുമുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ ട്രംപ് നിർദ്ദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറാനും നിർദ്ദേശിച്ചിരുന്നു. റെഡ് സ്ക്വയറിൽ നടക്കുന്ന വിക്‌ടറി ഡേ പരേഡിനോട് അനുബന്ധിച്ചാണ് മൂന്ന് ദിവസത്തെ വെടിനിർത്തൽ. പരിപാടിക്ക് തടസമുണ്ടാക്കാൻ യുക്രൈൻ ശ്രമിച്ചാൽ കീവിൽ വൻ ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പരേഡിനെ ലക്ഷ്യമിടരുതെന്ന് യുക്രൈൻ സൈന്യത്തോട് സെലൻസ്‌കി ഉത്തരവിട്ടിട്ടുണ്ട്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭക്രിഹത്. 2014ൽ പിടിച്ചെടുത്ത ക്രൈമിയ ഉൾപ്പടെ യുക്രൈന്റെ അഞ്ചിൽ ഒന്ന് പ്രദേശങ്ങൾ നിലവിൽ റഷ്യയുടെ പക്കലാണ്.
ഫെബ്രുവരിയിൽ സമാധാന ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. വെടിനിർത്തൽ നടപ്പാക്കൽ, അതിന്റെ മേൽനോട്ടം തുടങ്ങിയ കാര്യങ്ങളിൽ ധാരണയായെന്നും എന്നാൽ, ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നുമാണ് വ്ളാഡിമിർ സെലൻസ്‌കി പറഞ്ഞത്.
റഷ്യ പിടിച്ചെടുത്ത യുക്രൈന്റെ വ്യാവസായിക മേഖലയായ ഡോൺബാസയടക്കമുള്ള പ്രദേശങ്ങൾ വിട്ടുകൊടുക്കുന്ന കാര്യത്തിലും പ്രശ്‌നമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രൈന്റെ സപോറീഷ്യയുടെ കാര്യത്തിലും തീർപ്പുണ്ടായില്ല.
Most Read| കേരളത്തിൽ വേനൽമഴ ശക്‌തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്




































