തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി. സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃനിര തന്നെ കേരളത്തിലേക്ക് എത്തും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എംപി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെയും ചടങ്ങിലേക്ക് ക്ഷണിക്കും.
വിഡി. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും. കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളെയും നീണ്ട ചർച്ചകളെയും മറികടന്നാണ് വിഡി. സതീശൻ അമരത്തെത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്നാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഡി. സതീശന്റെ ആദ്യ പ്രതികരണം. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരും ജനങ്ങളുമാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുമെന്നും വിഡി.സതീശൻ പറഞ്ഞു.
കോൺഗ്രസ് ഏൽപ്പിച്ച കേരള മുഖ്യമന്ത്രി എന്ന വലിയ ഉത്തരവാദിത്തത്തിന് അഖിലേന്ത്യാ നേതൃത്വത്തിനോട് ഉൾപ്പടെ എല്ലാവരോടും നന്ദി പറഞ്ഞ വിഡി. സതീശൻ, പുതിയ കേരളത്തെ സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും പറഞ്ഞു.
Related News| ‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ


































