തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല. വിഷയത്തിൽ വിശദമായ ചർച്ച നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ വിൽപ്പന നടക്കില്ലെന്നാണ് വിശദീകരണം.
ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ നിലപാട് പ്രധാനമാണ്. മദ്യ നികുതിയിളവ് വേണ്ടെന്ന് തന്നെയാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗത്തിൽ ലീഗ് നിലപാട് അറിയിക്കും. അതേസമയം, നികുതി ഘടന പിൻവലിക്കാത്തത് സർക്കാരിനെതിരെ വീണ്ടും ആയുധമാക്കുകയാണ് പ്രതിപക്ഷം.
ശക്‌തമായ എതിർപ്പ് മൂലം മദ്യനയത്തിലെ അന്തിമതീരുമാനം യുഡിഎഫിന് വിട്ടെങ്കിലും വിവാദമായ നികുതി കുറയ്‌ക്കൽ പിൻവലിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വിൽപ്പന നികുതിയെന്ന നിർദ്ദേശം പിൻവലിക്കാതെയാണ് മുഖ്യമന്ത്രി വിൽപ്പന അനുമതിയിൽ തീരുമാനം യുഡിഎഫിന് വിട്ടത്. മതമേലധ്യക്ഷൻമാർ അടക്കം എതിരായതോടെയാണ് വിൽപ്പനാനുമതി യുഡിഎഫിനോട് തേടുന്നത്.
യുഡിഎഫ് അനുമതി കിട്ടിയാൽ ബജറ്റ് നിർദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. സംസ്‌ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി നിശ്‌ചയിച്ച തീരുമാനം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബക്കാഡി കമ്പനിയുടെ അപേക്ഷ പരിഗണിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.
Most Read| ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിക്ക് ജാമ്യം



































