2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, പാലക്കാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, കോൺഗ്രസിന് വൻ വിജയം കൈവരിക്കാൻ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും. ജനവികാരം മാനിച്ചാണ് ഹൈക്കമാൻഡ് വിഡി. സതീശൻ എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങിയതെന്ന് നിസ്സംശയം പറയാം.
ജീവിതരേഖ
വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി 1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിലാണ് വിഡി. സതീശന്റെ ജനനം. നെട്ടൂർ എസ്വിയുപി സ്കൂൾ, പനങ്ങാടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് സതീശന്റെ രാഷ്ട്രീയ പ്രവേശനം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ളബ് സെക്രട്ടറി ആയിരുന്നു. എംജി, കേരള സർവകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന സതീശൻ, 1986-87 കാലത്ത് എംജി സർവകലാശാല ചെയർമാനായിരുന്നു. എൻഎസ്യു ദേശീയ കമ്മിറ്റി സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ സതീശൻ കുറേക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
വിഡി. സതീശന്റെ രാഷ്ട്രീയ അരങ്ങേറ്റം 1996ലായിരുന്നു. അന്ന് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് മൽസരിച്ച അദ്ദേഹം, സിപിഐ സ്ഥാനാർഥിയായ പി. രാജുവിനോട് 1116 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. അന്നത്തെ കാലത്ത് പറവൂർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി. രാജുവിനെ 7434 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇടതുകോട്ട തകർത്ത സതീശൻ പറവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ കെഎം. ദിനകരനെ 7792 വോട്ടുകൾക്കും 2011ൽ പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടുകൾക്കും പരാജയപ്പെടുത്തി.
2016ൽ മുൻ മുഖ്യമന്ത്രി പികെ, വാസുദേവൻ നായരുടെ മകൾ ജില്ലാ പഞ്ചായത്തംഗമായിരുന്ന ശാരദ മോഹനെ 20,634 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2021ലെ തിരഞ്ഞെടുപ്പിൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംടി. നിക്സണെ പരാജയപ്പെടുത്തിയത്. 2021 മേയ് 22ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി വിഡി സതീശനെ 15ആം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടി. ടൈസണെതിരെ 20,6000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഡി സതീശൻ ആറാം തവണയും പറവൂരിൽ നിന്ന് നിയമസഭയിലേക്കും അതുവഴി മുഖ്യമന്ത്രി പദത്തിലേക്കും എത്തുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പറവൂരിലെ ജനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
ചേർത്ത് വായിക്കാം
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ചെയർമാൻ എന്നീ പദവികളും സതീശൻ വഹിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ആയിരുന്നു. അഞ്ചുവർഷം കെപിസിസി ഉപാധ്യക്ഷ പദവി വഹിച്ചു. മികച്ച എംഎൽഎക്കുള്ള 25ലേറെ അവാർഡുകൾ ലഭിച്ചു. ലക്ഷ്മിപ്രിയയാണ് ഭാര്യ. മകൾ: ഉണ്ണിമായ.
Related News| കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ

































