കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്‌തമായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ.
പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. എൻജിൻ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫോറൻസിക് വിഭാഗം പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫൊറൻസിക് വിദഗ്‌ധർ പറയുന്നത്.
ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിനെ (34) 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13ആം വാർഡിൽ വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറുമാസം ഗർഭിണിയായിരുന്നു.
ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കത്തിയമർന്നത്. ഡ്രൈവർ സീറ്റിൽ നിന്ന് രജിൻ പുറത്തേക്ക് ഇറങ്ങിയെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോനാ ഡോർ ലോക്കായതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. രജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങിയാണ് വസ്‌ത്രത്തിലെ തീ അണച്ചത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു


































