മൂന്ന് ദിവസത്തിനകം കരാറിൽ എത്തണം, ഇല്ലെങ്കിൽ കടുത്ത ആക്രമണം; ഇറാനോട് ട്രംപ്

അതേസമയം, അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്‌ജരാണെന്നും യുഎസിന് വലിയൊരു സർപ്രൈസ് കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ തിരിച്ചടിച്ചു

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

”രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ, ഒരുപക്ഷേ വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ ഞായറാഴ്‌ചയോ, ആഴ്‌ചയുടെ തുടക്കത്തിലോ ഒരു സൈനിക നീക്കം ഉണ്ടായേക്കാം. ഇറാനെ ഒരു പുതിയ ആണവായുധം ഒരുകാലത്തും അനുവദിക്കില്ല”- ഡൊണാൾഡ് ട്രംപ് പറഞ്ഞു. തങ്ങളുമായി വെടിനിർത്തൽ കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, അമേരിക്കയെ നേരിടാൻ തങ്ങൾ പൂർണ സജ്‌ജരാണെന്നും യുഎസിന് വലിയൊരു സർപ്രൈസ് കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ തിരിച്ചടിച്ചു. ഇറാനെതിരെ കഴിഞ്ഞദിവസം നടത്താനിരുന്ന വലിയതോതിലുള്ള വ്യോമാക്രമണം മൂന്ന് ഗൾഫ് രാജ്യങ്ങയുടെ സവിശേഷമായ അഭ്യർഥന മാനിച്ചാണ് താൽക്കാലികമായി മാറ്റിവെച്ചതെന്ന് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇറാനെ ആക്രമിക്കരുതെന്ന് ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടെന്നും ഇതേത്തുടർന്ന് ആക്രമണം പുനരാരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം കാത്തിരിക്കാൻ താൻ സമ്മതിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാന്റെ ആണവപദ്ധതികൾ പൂർണമായും അവസാനിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ ഈ അന്ത്യശാസനത്തിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. രാജ്യത്തിന്റെ പരമാധികാരവും താൽപര്യങ്ങളും ബലി നൽകാനുള്ള ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്‌തമാക്കി. പ്രഖ്യാപിത നിലപാടുകളിൽ വിട്ടുവീഴ്‌ച ചെയ്‌ത്‌ അമേരിക്കക്ക് കീഴടങ്ങമെന്ന് കരുതേണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങളും സന്നദ്ധരാണ്. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇറാൻ വ്യക്‌തമാക്കി. പാക്കിസ്‌ഥാൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി കഴിഞ്ഞ മൂന്ന് ദിവസമായി ടെഹ്റാനിൽ തുടരുകയാണ്.

ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നാണ് പാക്കിസ്‌ഥാൻ വ്യക്‌തമാക്കുന്നത്. പാക്കിസ്‌ഥാൻ മുഖേന ഇറാൻ സമർപ്പിച്ച 14 നിർദ്ദേശങ്ങൾ നേരത്തെ ട്രംപ് തള്ളുകയായിരുന്നു. എന്നാൽ, പല കാര്യങ്ങളിലും ഇളവ് പോലും നൽകാത്ത യുഎസ് നിലപാട് അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE