കുമളി: അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചൂരൽ കൊണ്ട് അടിച്ചുവെന്നും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അധ്യാപകൻ ശിവകുമാറിനെതിരെയാണ് പരാതി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അധ്യാപകനെ വിദ്യാർഥി കളിയാക്കിയെന്ന് സഹപാഠി ചെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പരാതി. മുട്ടിൽ നിർത്തിച്ചെന്നും വടി മുറിയുന്നവരെ നിർത്താതെ അടിച്ചെന്നുമാണ് കുട്ടി പറയുന്നത്.
വീട്ടിലെത്തിയ മകൻ വേദനിച്ച് കരയുന്നത് കണ്ട അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി മർദ്ദനവിവരം പറഞ്ഞത്. ഉടൻ കുട്ടിയെ വണ്ടിൻമേട് സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ ഉടനെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് കുട്ടിയുടെ അടുത്തെത്തി മൊഴിയെടുത്തു.
അതേസമയം, ക്ളാസിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി തന്നെ കളിയാക്കികൊണ്ട് പുറത്തേക്ക് ഓടി എന്നാണ് അധ്യാപകൻ പറയുന്നത്. തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകൻ പറഞ്ഞു. പിടിഎ കമ്മിറ്റി അംഗങ്ങൾ കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഇന്ന് സ്കൂളിൽ എത്തുന്നുണ്ട്.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ





































