മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ കസ്റ്റംസിനെ പ്രതിക്കൂട്ടിലാക്കി പ്രതിയുടെ മൊഴി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്ലം ആണ് മൊഴി നൽകി. സ്വർണക്കടത്ത് കസ്റ്റംസിന്റെ ഒത്താശയോടെയാണ് നടന്നതെന്നാണ് അസ്ലമിന്റെ മൊഴി.
വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം കൊടുത്തുവിട്ടവർ പറഞ്ഞിരുന്നതായി അസ്ലം പോലീസിനോട് പറഞ്ഞു. കസ്റ്റംസിന്റെ പിടിവീഴില്ലെന്നും കൊടുത്തുവിട്ടവർ ഉറപ്പ് നൽകി. ഇന്നലെയാണ് കരിപ്പൂരിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ അസ്ലമിൽ നിന്ന് ഒരു കിലോയിലധികം സ്വർണം പിടികൂടിയത്.
മലപ്പുറം എസ്പിക്ക് കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡായിരുന്നു സ്വർണം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അസ്ലം കസ്റ്റംസിനെതിരെ ഞെട്ടിക്കുന്ന മൊഴി നൽകിയത്. ഒന്നരക്കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കേസ് പ്രിവന്റീവ് കസ്റ്റംസിന് കൈമാറി.
Most Read| പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുകൾ നഷ്ടത്തിൽ, ജി ഫോം നൽകാൻ ഉടമകൾ



































