കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22), മൊട്ടേമ്മൽ ഫാസിൽ (23), റഹ്മത്തിൽ പിപി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപം വയനാടൻ മലനിരകളുടെ ഭാഗമായ കാട്ടിൽ പോയത്.
കാട്ടിലകപ്പെട്ട യുവാക്കളെ വനംവകുപ്പ് അധികൃതർ പുറത്തെത്തിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി 10.45ഓടെ യുവാക്കളെ കണ്ടെത്തിയത്. തുടർന്ന് കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്.
എന്നാൽ, അതിക്രമിച്ചു കയറിയതല്ലെന്നും ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ അടക്കം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയതെന്നുമാണ് യുവാക്കളുടെ മൊഴി. പുല്ലംപാറ വ്യൂപോയിന്റ് കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, കൂട്ടത്തിലൊരാൾക്ക് വഴിതെറ്റി. ഇയാളെ കണ്ടെത്താൻ മറ്റു രണ്ടുപേരും കൂക്കിവിളിച്ചും മൊബൈലിന്റെ ഫ്ളാഷ് ലൈറ്റ് ഓണാക്കിയും നടന്നു.
ഇത് പുറത്തുള്ള നാട്ടുകാർ കേട്ടതോടെയാണ് ആരോ കാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചത് പ്രകാരമാണ് വനംവകുപ്പും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലും ആരംഭിച്ചു. മൂന്നുമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































