തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. വരുന്ന ജൂലൈ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും.
ബിൽ പാസായാലും വിൽപ്പനക്ക് ഉടനടി അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് ഉൾപ്പടെയുള്ള കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രായോഗിക തലത്തിൽ ഇതിന് അനുമതി നൽകൂ എന്നാണ് സൂചന. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്‌സെസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. മുസ്‌ലിം ലീഗിനടക്കം എതിർപ്പ് ഉണ്ടായതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്. നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വിഡി. സതീശനുള്ളത്.
അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വിഎം. സുധീരൻ സതീശനെതിരെ വിമർശനം ഉന്നയിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തുകയായിരുന്നു വേണ്ടതെന്നാണ് സുധീരൻ പറഞ്ഞത്.
പുറത്തിറങ്ങിയ ധനബില്ലിലെ നിർദ്ദേശങ്ങൾ പ്രകാരം കേരള ജനറൽ സെയിൽസ് ടാക്‌സ് ആക്‌ടിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. വീര്യം കുറഞ്ഞ പാനീയങ്ങളിലെ ആൽക്കഹോളിന്റെ അളവ് അനുസരിച്ച് രണ്ടുതട്ടുകളിലായാണ് നികുതി നിശ്‌ചയിച്ചിരിക്കുന്നത്.
0.5% മുതൽ 10% വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് 120% നികുതിയും 10% മുതൽ 20% വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് 175% നികുതിയുമാണ് നിശ്‌ചയിച്ചിട്ടുള്ളത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു



































