തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെഎ. രതീഷിനെയടക്കം പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച കേസാണിത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി വിഡി. സതീശൻ പ്രോസിക്യൂഷന് അനുമതി നൽകിക്കൊണ്ടുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ചത്. സിബിഐ കുറ്റപത്രം നൽകിയ കേസിൽ പിണറായി സർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു.
ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും ഇടതു സർക്കാർ ചന്ദ്രശേഖരനെയടക്കം സംരക്ഷിക്കുകയുണ്ടായി. ഇതിന്റെ പേരിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എപി. മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്കും കടന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ നിർണായക ഇടപെടൽ ഉണ്ടാവുന്നത്.
കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ബുധനാഴ്ച വൈകീട്ടാണ് സർക്കാർ അനുമതി നൽകിയത്. നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്നുമായിരുന്നു പിണറായി സർക്കാർ സ്വീകരിച്ച നിലപാട്. എന്നാൽ ഹൈക്കോടതി നിർദ്ദേശം പാലിക്കണമെന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്.
2006 മുതൽ 2015 വരെയുള്ള തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി നടന്നുവെന്ന ഹരജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില് 500 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവരാണ് പ്രതികൾ.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































