വാഷിങ്ടൻ: ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം അമേരിക്ക ഇറാന് രഹസ്യമുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ എന്നിവരെ വധിക്കാനാണ് ഇസ്രയേൽ പദ്ധതിയിട്ടത്.
ഇക്കാര്യം സംബന്ധിച്ച് ഏപ്രിലിൽ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്തത്. റിപ്പോർട് അനുസരിച്ച്, ഏപ്രിൽ ഏട്ടിലെ ഒന്നാം വെടിനിർത്തലിന് ശേഷമുള്ള ആഴ്ചകളിൽ വധശ്രമങ്ങൾ നടത്താനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്.
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി ഉൾപ്പടെയുള്ളവരെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയായിരുന്നു നീക്കം. ഏപ്രിൽ 12ന് ഇസ്ലാമാബാദിൽ യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തിരികെ വരികയായിരുന്ന സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഹിന്റെ വിമാനം ലക്ഷ്യമിട്ട് രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇറാഖ് വ്യോമപാത വഴി ഇറാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി യുഎസ് അധികൃതർ കണ്ടെത്തി.
അമേരിക്കയിൽ നിന്നുള്ള അതീവ രഹസ്യവിവരം ലഭിച്ചയുടൻ ഇറാൻ ഈ വാർത്ത വിമാനത്തിലേക്ക് കൈമാറുകയും, മുഹമ്മദ് ബാഗർ ഗാലിബാഹിന്റെ വിമാനം നിശ്ചയിച്ച പാത മാറി ഇറാന്റെ വടക്കൻ പ്രവിശ്യയായ മഷ്ഹദിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
ഇറാൻ വിഷയത്തിൽ ഇസ്രയേലും അമേരിക്കയും പുലർത്തിപ്പോന്ന സമാന താൽപര്യങ്ങളിൽ ഏപ്രിൽ മാസത്തോടെ തന്നെ വലിയ തകർച്ചയുണ്ടായതായി ഈ സംഭവം തെളിയിക്കുന്നു. ഇസ്രയേലിന്റെ കടുത്ത എതിർപ്പുകളെയും നെതന്യാഹുവിന്റെ പരസ്യമായ തള്ളിപ്പറയലുകളെയും അവഗണിച്ചാണ് അമേരിക്ക ഇറാനുമായി സമാധാന ചർച്ചകളുമായി മുന്നോട്ട് പോയത്.
Most Read| കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ





































