തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയം ക്രൈം ബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് ആരോപിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് ആരോപണ വിധേയർക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമായതിനാൽ വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതെന്ന് ഉത്തരവിൽ പറയുന്നു.
പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ എല്ലാ ആരോപണങ്ങളും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ വരും. സംസ്ഥാന പോലീസ് മേധാവി തുടർനടപടി സ്വീകരിക്കണം. സമയബന്ധിതമായി സർക്കാരിന് റിപ്പോർട് നൽകണമെന്നും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേട് അന്വേഷിക്കുന്നത്.
സംഘത്തിൽ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയും ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാവുക. അതേസമയം, മൂല്യനിർണയ ക്രമക്കേടിൽ പിഎസ്സി ആഭ്യന്തര വിജിലൻസ് എസ്പി അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
അതിനിടെ, മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രെക്ച്ചർ റാങ്ക് പട്ടികയിലെ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്റെ വിവരവും പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
ഏഴ് ദിവസത്തിനകം മുഴുവൻ വിവരങ്ങളും ഹരജിക്കാരന് നൽകണമെന്നും ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷൻ സെക്രട്ടറിക്ക് റിപ്പോർട് നൽകണമെന്നുമാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി. ജോസഫ് ഉത്തരവിട്ടിരിക്കുന്നത്. ഒരുവർഷമായി ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിട്ടും പിഎസ്സി ഈ വിവരങ്ങൾ നൽകിയിരുന്നില്ല.
ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുള്ള ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലെ ക്രമക്കേടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ്. സംഭവം വിവാദമായതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!


































