പഴിചാരൽ പിന്നീടാകാം, നഷ്‌ടപരിഹാരവും ചികിൽസയും ഉറപ്പാക്കണം; ഹൈക്കോടതി

കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒരാഴ്‌ചയ്‌ക്കുള്ളിൽ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

By Senior Reporter, Malabar News
kerala high court

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. നഷ്‌ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മണ്ണിടിച്ചിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട് പരിഗണിക്കവെ കോടതി നിർദ്ദേശിച്ചു.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെയും കൂട്ടിരിപ്പുകാരുടെയും ചെലവ് ഇപ്പോൾ സർക്കാർ വഹിക്കണമെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, എകെ പ്രീത എന്നിവരുടെ ബെഞ്ച് നിർദ്ദേശം നൽകി. ഇത് കമ്പനിയിൽ നിന്ന് ഈടാക്കുന്ന കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകടത്തിൽ പഴിചാരൽ പിന്നീടാകാമെന്ന് പറഞ്ഞ കോടതി, ഒരാഴ്‌ചയ്‌ക്കുള്ളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു. കള്ളാടി ദുരന്തം സംബന്ധിച്ച് സംസ്‌ഥാന ദുരന്ത നിവാരണ വകുപ്പ് നിർമാണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്‌ക്ക് എല്ലാ മുന്നറിയിപ്പ് നിർദ്ദേശങ്ങളും നൽകിയിരുന്നുവെന്ന് സർക്കാർ കോടതിയിൽ വ്യക്‌തമാക്കി.

നിർമാണ ജോലികൾ നേരത്തെ നിർത്തിവെക്കാൻ ജില്ലാ ദുരന്തനിവാരണ വകുപ്പ് ആവശ്യപ്പെട്ടതുകൊണ്ടാണ് മരണസംഖ്യ വലിയ രീതിയിൽ കുറയ്‌ക്കാൻ സാധിച്ചതെന്നും അല്ലെങ്കിൽ കനത്ത മഴയിൽ അപകടത്തിന്റെ വ്യാപ്‌തിയും മരണസഖ്യയും കൂടുമായിരുന്നു എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ വ്യക്‌തമാക്കി.

ഇതോടെ, നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണോ എന്ന് കോടതി ആരാഞ്ഞു. മേയ് 26ന് നിർമാണ ജോലികൾ നിർത്തിവെച്ചിരുന്നു എന്ന് ദുരന്ത നിവാരണ വകുപ്പ് വ്യക്‌തമാക്കി. മല തുരക്കുന്നത് അടക്കമുള്ള ജോലികളൊന്നും ചെയ്‌തിരുന്നില്ല. തുരങ്കത്തിന് പുറത്തുള്ള ജോലികളായിരുന്നു ചെയ്‌തിരുന്നത്‌. ഇതും മേയ് അഞ്ചിന് പൂർണമായി നിർത്തിയിരുന്നു എന്ന് ദുരന്ത നിവാരണ വകുപ്പ് വ്യക്‌തമാക്കി.

അപ്പോൾ അപകടത്തിൽപ്പെട്ടവർ അവിടെ എന്ത് ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. ഇത് അന്വേഷണത്തിലേ പറയാൻ സാധിക്കൂ എന്നും വകുപ്പ് അറിയിച്ചു. വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിലവിൽ ഏഴുപേരാണ് മരിച്ചത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE